അഞ്ചൽ സ്കൂ‌ളിലെ മഞ്ഞപ്പിത്തബാധ; വിദ്യാർത്ഥികളിൽ നിന്ന് രക്ഷിതാക്കളിലേക്കും വ്യാപിക്കുന്നു

കൊല്ലം അഞ്ചൽ ഇടമുളക്കൽ ഗവൺമെന്റ് ജവഹർ ഹൈസ്കൂളിലെ വിദ്യാർത്ഥികളിൽ പടർന്നു പിടിച്ച മഞ്ഞപ്പിത്തം രക്ഷിതാക്കളിലേക്കും വ്യാപിക്കുന്നു. രോഗബാധിതനായ കുട്ടിയുടെ രക്ഷിതാവിനും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. തിളപ്പിച്ചാറ്റിയ വെള്ളമാണ് കുട്ടികൾക്ക് കുടിക്കാൻ നൽകിയിരുന്നതെന്ന സ്കൂൾ അധികൃതരുടെ വാദം പൊളിഞ്ഞു. കുടിക്കാൻ ലഭിച്ചിരുന്നത് കിണറ്റിലെ വെള്ളമെന്ന് കുട്ടികൾ പറഞ്ഞു. സ്കൂളിൽ ലഭിച്ച വാട്ടർ ഡിസ്പെൻസർ ഉപയോഗിച്ചിരുന്നത് അധ്യാപകരാണ്.

സ്കൂളിലെ 31 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെയാണ് വീട്ടുകാരിലും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊള്ളൂർ നഗറിലുള്ള കുട്ടിയുടെ പിതാവിനാണ് രോഗം സ്ഥിരീകരിച്ചത്. രക്ഷിതാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രോഗത്തിന്റെ ഉറവിടം സ്കൂൾ അല്ലെന്ന് ആദ്യം മുതൽ വാദിച്ച സ്കൂൾഅധികൃതർ കിണറ്റ് വെള്ളത്തിൽ ക്രമാതീതമായ അളവിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കണ്ടെത്തിയതോടെ കുട്ടികൾക്ക് തിളപ്പിച്ച വെള്ളം നൽകിയിരുന്നു എന്നായി വാദം. എന്നാൽ സ്കൂളിൽ ലഭിച്ചിരുന്നത് പൈപ്പ് വെള്ളമായിരുന്നുവെന്ന് രോഗ ബാധിതരായ കുട്ടികൾ പറഞ്ഞു.കുട്ടികൾക്കുള്ള മെഡിക്കൽ പരിശോധന ഇന്നും തുടരും. അഞ്ചു മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കാണ് ഇന്നത്തെ ക്യാമ്പ്.