Headlines

‘ആര്‍എസ്എസിനും വിഡി സവര്‍ക്കര്‍ക്കും സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തി കൊടുക്കാനുള്ള ശ്രമം ചരിത്ര നിഷേധം’; മുഖ്യമന്ത്രി പിണറായി വിജയന്‍

സവര്‍ക്കര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ പിതൃത്വം ചാര്‍ത്തി കൊടുക്കുന്നത് ചരിത്രനിഷേധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്തവരെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമമെന്നും ഇതിന് സ്വാതന്ത്ര്യ ദിനത്തെ തന്നെ തെരഞ്ഞെടുത്തത് സ്വാതന്ത്ര്യ സമരത്തെ അപമാനിക്കാനെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യന്‍ പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തെ ആര്‍എസ്എസിനെ മഹത്വപ്പെടുത്താന്‍ ഉപയോഗിച്ചത് ആ ദിനത്തെ തന്നെ അവഹേളിക്കുന്നതിനു തുല്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യദിനാശംസാ കാര്‍ഡില്‍ മഹാത്മാ ഗാന്ധിക്ക് മുകളില്‍ വിഡി സവര്‍ക്കറെ പ്രതിഷ്ഠിച്ചത് കൂട്ടി വായിക്കുമ്പോള്‍ വിപുലമായ ഗൂഢാലോചനയുടെ ഭാഗമാണ് ഇതൊക്കെ എന്നാണ് തെളിയിയുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. സ്വാതന്ത്ര്യസമര ചരിത്രത്തെ ഭയപ്പെടുന്നവരുടെ വെപ്രാളമാണ് പ്രകടമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജാതി, മത, വേഷ, ഭാഷാ വ്യത്യാസങ്ങള്‍ക്കതീതമായി ഇന്ത്യക്കാര്‍ ഒരുമിച്ചാണ് ദേശീയ സ്വാതന്ത്ര്യസമരത്തില്‍ അണിചേര്‍ന്നത്. ഒറ്റുകാരുടെ വേഷമായിരുന്നു അന്ന് ആര്‍എസ്എസിന്. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ അടിസ്ഥാന പ്രത്യയശാസ്ത്ര സങ്കല്പങ്ങളോട് പരസ്യമായി വിപ്രതിപത്തി പ്രകടിപ്പിച്ചവരാണ് ആര്‍എസ്എസ്. നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ ദേശീയതയ്ക്ക് പകരം ഭൂരിപക്ഷ വര്‍ഗ്ഗീയതയിലൂന്നിയ ഹിന്ദുത്വ ദേശീയതയെയാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്. 1949 നവംബര്‍ 26 ന് കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി ഇന്ത്യയുടെ ഭരണഘടനയ്ക്ക് അന്തിമ അംഗീകാരം നല്‍കിയപ്പോള്‍ ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ ഉയര്‍ത്തിപ്പിടിക്കണമെന്നാണ് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ മുഖപ്രസംഗം എഴുതിയത് – മുഖ്യമന്ത്രി കുറിച്ചു.