Headlines

ജാനകി വി Vs സ്റ്റേറ്റ് ഓഫ് കേരള: ഹർജി ഹൈക്കോടതി തീർപ്പാക്കി, നാളെ തിയറ്ററുകളിലേക്ക്

ജാനകി വി VS സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തീർപ്പാക്കി. പ്രശ്നങ്ങൾ പരിഹരിച്ചെന്നും 11-ാം തീയതി തന്നെ സെൻസർ സർട്ടിഫിക്കറ്റ് നൽകിയെന്നും സിബിഎഫ്‌സി അറിയിച്ചതിന് പിന്നാലെയാണ് ഹർജി തീർപ്പാക്കിയത്.

ചിത്രത്തിന്റെ ടീസറും – ട്രെയിലറും പുറത്ത് പഴയ പേരിലാണ്. അതുകൊണ്ട് മറ്റ് നിയമ പ്രശ്നങ്ങൾ ഉണ്ടാകാതെയിരിക്കാൻ ഇടപെടണമെന്ന അണിയറ പ്രവർത്തകരുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. സിബിഎഫ്‌സി ഉന്നയിച്ച വാദങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അണിയറപ്രവർത്തകർ കോടതിയിൽ ആവർത്തിച്ചു. എന്നാൽ അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെന്നും അണിയറപ്രവർത്തകർ അറിയിച്ചു.

സെൻസറിങ് നടപടികൾ പൂർത്തിയാക്കി U/A 16+ സർട്ടിഫിക്കറ്റോടുകൂടിയാണ് ജെഎസ്കെ പ്രേക്ഷകരിലേക്ക് എത്തുന്നത്. വിവാദങ്ങള്‍ക്കും ഏറെ അനിശ്ചിതത്വത്തിനും പിന്നാലെയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി ലഭിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളാണ് ഒന്നിച്ച് തിയേറ്ററില്‍ റിലീസ് ചെയ്യുന്നത്. ഹൈക്കോടതിയിലെ ധാരണ പ്രകാരമാണ് പേര് മാറ്റം എന്ന നിലപാടിലേക്ക് അണിയറ പ്രവര്‍ത്തകരെത്തിയത്.

ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള എന്ന പേര് ജാനകി.വി v/s സ്റ്റേറ്റ് ഓഫ് കേരള എന്നാക്കിയതും കോടതി വിസ്താര രംഗത്തെ എട്ട് ഭാഗങ്ങളില്‍ ജാനകി എന്ന പേര് സിനിമയില്‍ നിന്ന് മ്യൂട്ട് ചെയ്തിട്ടുണ്ട്. രാമായണത്തിലെ സീതയുടെ കഥാപാത്രമായി സാദൃശ്യമുള്ള ജാനകിയെന്ന പേര് പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു സെന്‍സര്‍ ബോര്‍ഡ് ജൂണ്‍ 27 ന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്ന് കയറ്റത്തിനെതിരെ പ്രതിഷേധവുമായി സിനിമാ സംഘടനകള്‍ ഒന്നടങ്കം രംഗത്തെത്തിയിരുന്നു.