ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള: സിനിമ കണ്ട് ഹൈക്കോടതി ജഡ്ജി

ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമ കണ്ട് ഹൈക്കോടതി. ജസ്റ്റിസ് എന്‍ നഗരേഷും കോടതി പ്രതിനിധികളും സിനിമ കാണാനെത്തി. ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞതുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായാണ് കാക്കനാട്ടെ സ്റ്റുഡിയോയില്‍ എത്തി സിനിമ കണ്ടത്. ചിത്രം കണ്ട് വിലയിരുത്തിയ കോടതി ബുധനാഴ്ച വീണ്ടും കേസ് പരിഗണിക്കും.

രാവിലെ പത്ത് മണിയോടെ കൊച്ചി പടമുഗളിലെ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോയില്‍ എത്തിയാണ് ജഡ്ജി എന്‍ നാഗരേഷ് സിനിമ നേരിട്ട് കണ്ടത്. സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് കണ്ട് പരിശോധിക്കാനാണ് കോടതി അസാധാരണമായ തീരുമാനം എടുത്തത്. അപകീര്‍ത്തികരമായതോ വംശീയ അധിക്ഷേമുള്ളതോ ആയ യാതൊന്നും സിനിമയില്‍ ഇല്ലെന്ന് സിനിമ കണ്ടാല്‍ കോടതിക്ക് ബോധ്യപ്പെടുമെന്ന് ഹര്‍ജിക്കാര്‍ നേരത്തെ വാദിച്ചിരുന്നു. ഇതോടെയാണ് സിനിമ നേരിട്ട് കാണാമെന്ന് കോടതി തീരുമാനിച്ചത്. പൂര്‍ണമായും കോടതി നടപടികളോടെയാണ് പ്രദര്‍ശനം നടന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനം ഉണ്ടായിരുന്നില്ല.

അതേസമയം, സിനിമാ വിവാദവുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് സിനിമാ സംഘടനകള്‍. സെന്‍സര്‍ ബോര്‍ഡ് ഇടപെടല്‍ ആവിഷ്‌കാര-സൃഷ്ടി സ്വാതന്ത്ര്യങ്ങളുടെ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചു. കേന്ദ്രമന്ത്രിക്ക് നിവേദനം നല്‍കി. ബോര്‍ഡില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടണമെന്നാണ് ആവശ്യം. അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ ഒപ്പിട്ട നിവേദനമാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് സമര്‍പ്പിച്ചത്.