മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. 1983-87 കാലഘട്ടത്തില്‍ കെപിസിസി പ്രസിഡന്റായിരുന്നു. കെ കരുണാകരന്റേയും എ കെ ആന്റണിയുടേയും മന്ത്രി സഭകളില്‍ അംഗമായിരുന്നു. വൈദ്യുതി, ധനകാര്യം മുതലായ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
1982ലും 1991ലും ചാത്തന്നൂരില്‍ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 19821983, 19911995 വര്‍ഷങ്ങളിലെ കരുണാകരന്‍ മന്ത്രിസഭയിലും 1995-1996-ലെ എ.കെ. ആന്റണി മന്ത്രിസഭയിലും മന്ത്രിയായും പ്രവര്‍ത്തിച്ചു. കേരള പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനും കൊല്ലം ജില്ല ഗവണ്‍മെന്റ് പ്ലീഡറുമായിരുന്നു. 1983-87 കാലഘട്ടത്തില്‍ പത്മരാജന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോഴാണ് ഇന്ദിരാഭവന് സ്ഥലം വാങ്ങിയത്.
1931 ജൂലൈ 22ല്‍ കൊല്ലം പരവൂരില്‍ വേലു വൈദ്യന്റേയും തങ്കമ്മയുടേയും മകനായാണ് സി വി പത്മരാജന്റെ ജനനം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായിട്ടുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു. വസന്തകുമാരിയാണ് ഭാര്യ. സജി, അനി എന്നിവര്‍ മക്കളാണ്.