ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയുടെ പിതാവുമായി സംസാരിച്ച് രാഹുൽഗാന്ധി. ഇരയുടെ കുടുംബത്തിന് പൂർണ്ണ നീതി ഉറപ്പാക്കും. പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകി. പിതാവിൻറെ ശബ്ദത്തിൽ മകളുടെ വേദനയും പോരാട്ടവും സ്വപ്നങ്ങളും തനിക്ക് അനുഭവപ്പെട്ടു എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സംഭവിച്ചത് മനുഷ്യത്വരഹിതമായ നടപടി. നീതി ലഭിക്കാൻ പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം ഉണ്ടാകും എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
“ഒഡീഷയിലെ ബാലസോറിൽ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട ധീരയായ മകളുടെ പിതാവിനോട് സംസാരിച്ചു. അദ്ദേഹത്തിന്റെ ശബ്ദത്തിൽ, മകളുടെ വേദനയും സ്വപ്നങ്ങളും പോരാട്ടവും എനിക്ക് അനുഭവപ്പെട്ടു. കോൺഗ്രസ് പാർട്ടിയും ഞാനും ഓരോ ഘട്ടത്തിലും അവർക്കൊപ്പം നിൽക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുനൽകി. സംഭവിച്ചത് മനുഷ്യത്വരഹിതവും ലജ്ജാകരവും മാത്രമല്ല, മുഴുവൻ സമൂഹത്തിനുമേറ്റ മുറിവാണ്,” – രാഹുൽ ഗാന്ധി എക്‌സിൽ പോസ്റ്റ് ചെയ്തു.
അതേസമയം വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ ഒഡീഷ നിയമസഭയ്ക്ക് മുന്നിൽ പ്രതിഷേധവുമായി BJD രംഗത്തെത്തി. പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രിൻസിപ്പൽ ആരോപണ വിധേയനായ അധ്യാപകനെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് പ്രവർത്തകർ ആരോപിച്ചു. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.