പ്രഭാത വാർത്തകൾ

 

🔳കെ റെയില്‍ രഹസ്യരേഖയാക്കി സൂക്ഷിച്ച ഡിപിആര്‍ നിയമസഭാ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണവും നഷ്ടമാകുന്ന സസ്യജാലങ്ങളുടെ വിശദമായ വിവരങ്ങളുമുണ്ട്. പൊളിക്കേണ്ട ആരാധനാലയങ്ങളുടെ വിവരങ്ങളുമുണ്ട്. കൊല്ലം ജില്ലയിലാണ് കൂടുതല്‍ ഭൂമി ഏറ്റെടുക്കുക. കെ റെയിലിനു 13 കിലോ മീറ്റര്‍ പാലങ്ങളും 11.5 കിലോമീറ്റര്‍ തുരങ്കവും നിര്‍മ്മിക്കണം. ഇരുവശത്തും അതിര്‍ത്തി വേലികള്‍ സ്ഥാപിക്കും. 20 മിനിറ്റ് ഇടവിട്ട് പ്രതിദിനം 37 സര്‍വീസ് നടത്തും. 3776 പേജുള്ള ഡിപിആറില്‍ പ്രതീക്ഷിക്കുന്ന ദിവസ വരുമാനം ആറു കോടി രൂപയാണ്.

🔳സംസ്ഥാനത്തു ടിപിആര്‍ 20 നു മുകളിലുള്ള പ്രദേശങ്ങളില്‍ മതപരമായ ചടങ്ങുകളില്‍ പരമാവധി 50 പേര്‍ മാത്രമേ പങ്കെടുക്കാവൂ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പതിലേറെയാണെങ്കില്‍ പൊതുപരിപാടികള്‍ പാടില്ല. ഓണ്‍ലൈനായി മാത്രമേ നടത്താവൂവെന്നും നിര്‍ദേശം.

🔳കേരളത്തിലെ കോടതികളില്‍ നാളെ മുതല്‍ നേരിട്ടു വാദം കേള്‍ക്കില്ല. ഓണ്‍ലൈനായി മാത്രമാണു കോടതികള്‍ പ്രവര്‍ത്തിക്കുക.

🔳കോവിഡ് വ്യാപന നിരക്ക് ഉയര്‍ന്നതിനാല്‍ തിരുവനന്തപുരം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍. പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചു. അമ്പതിലേറെ പേര്‍ യോഗങ്ങളിലോ പരിപാടികളിലോ പങ്കെടുക്കാന്‍ പാടില്ല.

🔳കെ റെയില്‍ ഡിപിആര്‍ തട്ടിക്കൂട്ടിയതാണെന്നും ജപ്പാനില്‍നിന്ന് വായ്പയെടുക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷം നടത്തിയ ഇടപെടലുകള്‍ മൂലമാണ് ഡിപിആര്‍ പുറത്തുവിട്ടത്. കെ റെയില്‍ പണിയാന്‍ എത്ര ടണ്‍ കരിങ്കല്ലും മെറ്റലും മണ്ണും മണലും വേണം. ഇക്കാര്യം ഡിപിആറിലുണ്ടോ. ദിവസേന 80,000 യാത്രക്കാരുണ്ടാകുമെന്നാണു ഡിപിആറിലെ പ്രതീക്ഷ. അഹമ്മദാബാദ് – മുംബൈ ബുള്ളറ്റ് ട്രെയിനിനു പ്രതീക്ഷിക്കുന്നത് മുപ്പതിനായിരം യാത്രക്കാരെയാണ്. അദ്ദേഹം പറഞ്ഞു.

🔳സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ രണ്ടുപേര്‍ക്ക് കൊവിഡ്. ഐ.ബി സതീഷ് എംഎല്‍എ, ഇ ജി മോഹനന്‍ എന്നവിര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ പൊതുയോഗങ്ങള്‍ നിരോധിച്ചെങ്കിലും സിപിഎം ജില്ലാ പ്രതിനിധി സമ്മേളനം തുടരുകയാണ്.

*കെ.എസ്.എഫ്.ഇ ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ ; സാമ്പത്തികാരോഗ്യത്തിന് കെ.എസ്.എഫ്.ഇ യുടെ വാക്‌സിന്‍*

🔳സംസ്ഥാനത്ത് പകുതിയിലധികം കൗമാരക്കാരും കൊവിഡ് വാക്സീന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. 12 ദിവസം കൊണ്ടാണ് പകുതിയിലധികം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനായത്. കൊവിഡ് മൂന്നാം ഘട്ട വ്യാപനത്തിലേക്ക് കടന്നിരിക്കെ മരുന്നുകള്‍ക്ക് ക്ഷാമമില്ല. സര്‍ക്കാരും ആരോഗ്യവകുപ്പും സജ്ജമാണ്. ആരോഗ്യമന്ത്രി പറഞ്ഞു.

🔳കൊവിഡ് വ്യാപന സാഹചര്യത്തില്‍ ഈ മാസാവസാനംവരെയുള്ള കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും മാറ്റിവച്ചെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. പരിപാടികള്‍ കോവിഡ് വ്യവസ്ഥകള്‍ പാലിച്ചു മാത്രമേ നടത്താവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. നാളെ സര്‍വകലാശാലകളിലേക്കു നടത്താനിരുന്ന യുഡിഎഫ് മാര്‍ച്ചും മാറ്റിവച്ചിട്ടുണ്ട്.

🔳കുന്നത്തുനാട് എംഎല്‍എ ശ്രീനിജനും കിറ്റക്സ് തൊഴിലാളികളും തമ്മില്‍ തര്‍ക്കം. പെരിയാര്‍വാലി കനാലിലെ വെള്ളം കിറ്റെക്സ് ദുരുപയോഗിക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ ശ്രീനിജനും സംഘവും എത്തിയപ്പോഴാണ് തര്‍ക്കമുണ്ടായത്. എംഎല്‍എയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് കിറ്റക്സ് തൊഴിലാളികള്‍ ആശുപത്രിയിലെത്തി.

 

🔳രണ്ടാം പിണറായി സര്‍ക്കാരിനു പ്രവര്‍ത്തിക്കാന്‍ സാവകാശം നല്‍കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. അഞ്ചു കൊല്ലം പിന്നിട്ട സര്‍ക്കാരിനോടാണ് ഒന്‍പത് മാസം പ്രായമായതിനെ താരതമ്യം ചെയ്യുന്നത്. വിമര്‍ശനം വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കോടിയേരി പറഞ്ഞു.

🔳എറണാകുളം ഞാറയ്ക്കല്‍ പെരുമാള്‍പടിയിലെ ആളൊഴിഞ്ഞ പറമ്പില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രദേശവാസിയായ ഷാജിയെന്ന് വിളിക്കുന്ന വി.ആര്‍. ജോസഫ് (51) ആണ് മരിച്ചത്. തല മുതല്‍ അരവരെയുള്ള ശരീരത്തിന്റെ ഭാഗങ്ങള്‍ മണ്‍കുഴിയിലായ നിലയിലായിരുന്നു മൃതദേഹം. കൊലപാതമല്ല, കുഴിയില്‍ വീണുണ്ടായ അപകടമാകാം മരണകാരണമെന്നു പൊലീസ് സംശയിക്കുന്നു.

🔳തലശേരി രൂപത ആര്‍ച്ച്ബിഷപ്പായി മാര്‍ ജോസഫ് പാംപ്ലാനിയേയും പാലക്കാട് രൂപതാ ബിഷപ്പായി മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിനേയും നിയമിച്ചു. ഇരുവരും അതതു രൂപതകളില്‍ സഹായമെത്രാന്മാരായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

🔳ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കെ.സി രാമചന്ദ്രന്റെ വീട് ആക്രമിച്ച കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. ആര്‍എംപി പ്രവര്‍ത്തകരായ ഒന്‍പതു പേരെയാണ് തെളിവില്ലാത്തതിനാല്‍ വടകര അസിസ്റ്റന്റ് സെഷന്‍സ് കോടതി വെറുതെ വിട്ടത്. ടിപി വധകേസില്‍ കെ.സി രാമചന്ദ്രനെ അറസ്റ്റ് ചെയ്ത 2012 മെയ് പതിനഞ്ചിനു രാത്രിയാണ് വീട് ആക്രമിക്കപ്പെട്ടത്.

🔳ഭൂപരിഷ്‌ക്കരണം നിയമം ലംഘിച്ച് പി.വി അന്‍വര്‍ എംഎല്‍എ കൈവശംവച്ച അധികഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ അഞ്ചു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. ഹര്‍ജിക്കാരനെകൂടി കേള്‍ക്കണമെന്നും കോടതി. ആറുമാസത്തിനകം തീര്‍പ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം നടപ്പാക്കാത്തതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

🔳നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി നാളെ വിധി പറയും. കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളിയതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

🔳നടിയെ ആക്രമിച്ച കേസില്‍ പുതിയ സംഭവവികാസങ്ങള്‍ക്കിടെ ജയിലില്‍ കഴിയുന്ന പ്രതി പള്‍സര്‍ സുനിക്ക് ഉറക്കമില്ല. ദിവസങ്ങളായി ഉറങ്ങാന്‍ കഴിയുന്നില്ല. തൃശൂര്‍ മെഡിക്കല്‍ കോളജിലെ മാനസികാരോഗ്യ വിഭാഗത്തില്‍ ചികില്‍സ തേടുകയും ചെയ്തു.

🔳മയക്കുമരുന്നുമായി മൂന്നു യുവാക്കളെ കനകക്കുന്ന് പോലീസ് പിടികൂടി. കായംകുളം സ്വദേശി മുഹമ്മദ് നൗഫല്‍(24), പ്രവീണ്‍(24) ശ്യാം ദാസ്(29), എന്നിവരെയാണ് എംഡിഎംഎ മയക്കുമരുന്നുമായി പിടികൂടിയത്.

🔳ഗുരുവായൂര്‍ ക്ഷേത്രോല്‍സവത്തിന് ഇത്തവണയും ദേശപ്പകര്‍ച്ചയില്ല. കഴിഞ്ഞ തവണത്തേതുപോലെ ഭക്ഷ്യക്കിറ്റുകള്‍ നല്‍കും. 30,000 ഭക്ഷ്യക്കിറ്റുകള്‍ ഫെബ്രുവരി 10 നകം തയ്യാറാക്കും. ക്ഷേത്രാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകാത്ത പുഷ്പങ്ങളും തുളസിമാലയും ഈ മാസം 18 മുതല്‍ ക്ഷേത്രത്തിലേക്കു കൊണ്ടുപോകാന്‍ അനുവദിക്കില്ല. താമര, ചെത്തി, മന്ദാരം എന്നീ പൂക്കളും മാലകെട്ടാത്ത തുളസിയും മാത്രമേ ക്ഷേത്രത്തില്‍ സ്വീകരിക്കൂ.

🔳അമ്പലവയലില്‍ ഭാര്യയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം നടത്തിയ ഭര്‍ത്താവ് സനലിനെ പോലീസ് തെരയുന്നു. നിജതയും 12 വയസുകാരിയായ മകള്‍ അളകനന്ദയുമാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. പൊള്ളലേറ്റ ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പീഡനംമൂലം ഭാര്യയും മകളും ഭര്‍ത്താവിനരികില്‍നിന്ന് അകന്നു കഴിയുകയായിരുന്നു.

🔳പന്നിയെ കെണിവച്ചു പിടിച്ച് കറിവച്ച രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തു. വണ്ടൂര്‍ കാപ്പിച്ചാല്‍ പൂക്കുളം സ്‌കൂള്‍ പടിയില്‍ പുളിക്കല്‍ ബാലകൃഷ്ണന്റെ വീട്ടില്‍ നിന്നാണ് മാംസം പിടിച്ചത്. ബന്ധുവായ കൃഷ്ണകുമാറും പിടിയിലായി.

🔳തൃശൂരില്‍ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഎമ്മിന്റെ തിരുവാതിരക്കളി. തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് തൃശൂരിലെ തെക്കുംകരയില്‍ സിപിഎം വീണ്ടും തിരുവാതിര സംഘടിപ്പിച്ചത്.

🔳തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും അനുമതി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

🔳സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. ഒരു വര്‍ഷത്തിലേറെ കാലാവധിയുള്ളതും രണ്ടു വര്‍ഷത്തിനകം കാലാവധി അവസാനിക്കുന്നതുമായ രണ്ടു കോടി രൂപ വരെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് ഇനി 5.1 ശതമാനമാണ്. ഇതുവരെ അഞ്ചു ശതമാനമായിരുന്നു പലിശ. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള 5.5 ശതമാനം പലിശ ഇനി 5.6 ശതമാനമായിരിക്കും.

🔳പഞ്ചാബിലെ കോണ്‍ഗ്രസ് പട്ടിക പ്രഖ്യാപിച്ചു. 86 സ്ഥാനാര്‍ത്ഥികള്‍, ഛരണ്‍ജിത്ത് സിംഗ് ഛന്നിയും സിദ്ദുവും മത്സരത്തിന്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ആശയക്കുഴപ്പം തുടരുകയാണ്.

🔳ഉത്തര്‍പ്രദേശില്‍ ബിജെപിയില്‍നിന്ന് ഇനി ആരും തങ്ങളുടെ പാര്‍ട്ടിയിലേക്കു വരേണ്ടെന്ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപി വിട്ടുവന്ന മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും സ്വീകരണം നല്‍കിയശേഷമാണ് അഖിലേഷ് ഈ നിലപാട് പ്രഖ്യാപിച്ചത്.

🔳ഗെയില്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഇഎസ് രംഗനാഥനെതിരെ സിബിഐ കേസ്. ഗെയിലിന്റെ പെട്രോ കെമിക്കല്‍ ഉല്‍പനങ്ങള്‍ വില കുറച്ചുനല്‍കുന്നതിന് കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് കേസ്. കേസില്‍ നാലാം പ്രതി മലയാളിയായ എന്‍ രാമകൃഷ്ണന്‍ നായരാണ്.

🔳ചൈനീസ് അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത തുടരുകയാണെന്ന് കരസേന മേധാവി ജനറല്‍ എംഎം നരവനെ. ഏതു വെല്ലുവിളിയും നേരിടാന്‍ തയ്യാറെന്നും അദ്ദേഹം വ്യക്തമാക്കി. കരസേന ദിനത്തിന്റെ ഭാഗമായുള്ള പരേഡില്‍ പുതിയ ഫീല്‍ഡ് യൂണിഫോമും പുറത്തിറക്കി.

🔳സൗദി അറേബ്യയില്‍ ചില ഭാഗങ്ങളില്‍ മഴയും വെള്ളപ്പാച്ചിലും. മക്ക മേഖലയില്‍ ഒരു ഗ്രാമത്തില്‍ പ്രളയത്തില്‍ മുങ്ങിയ പിക്കപ്പ് വാനില്‍ കുടുങ്ങിയവരെ സൗദി സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.

🔳വിരാട് കോലി ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ സാഹചര്യത്തിലാണു തീരുമാനം. ഇന്‍സ്റ്റഗ്രാമിലാണ് കോലി ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചത്. 2014 ല്‍ ധോണിയില്‍നിന്നാണ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് മല്‍സരങ്ങള്‍ ജയിച്ച ക്യാപ്റ്റന്‍ കോലിയാണ്.

🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാരുടെ പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. ചെല്‍സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റി തോല്‍പ്പിച്ചത്.

🔳കേരളത്തില്‍ ഇന്നലെ 65,937 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 17,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ മരണം 50,674. 3819 പേര്‍ ഇന്നലെ രോഗമുക്തി നേടി. 90,649 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂര്‍ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസര്‍ഗോഡ് 317, വയനാട് 250

🔳രാജ്യത്ത് ഇന്നലെ രണ്ടര ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. മഹാരാഷ്ട്ര- 42,462 കര്‍ണാടക- 32,793 തമിഴ്നാട്- 23,989 പശ്ചിമബംഗാള്‍- 19,064 ഉത്തര്‍പ്രദേശ്- 15,795 ഡല്‍ഹി- 20,718.

🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത്തി രണ്ട് ലക്ഷത്തിനു മുകളില്‍ കോവിഡ് രോഗികള്‍. അമേരിക്കയില്‍ മൂന്ന് ലക്ഷത്തിന് മുകളിലാണ്. ഫ്രാന്‍സ്- 3,24,580, ഇറ്റലി- 1,80,426, അര്‍ജന്റീന- 96,652, ആസ്ട്രേലിയ- 1,03,836 ഇംഗ്ലണ്ട്- 81,713. ഇതോടെ ആഗോളതലത്തില്‍ 32.63 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 5.44 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 5,494 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക- 834, റഷ്യ- 723, പോളണ്ട്- 429. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55.52 ലക്ഷമായി.

🔳റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഇ-കൊമേഴ്സ് ഭീമന്മാരായ ആമസോണും ഫ്‌ലിപ്കാര്‍ട്ടും നടത്തുന്ന ഓഫര്‍ സെയില്‍ ജനുവരി 17ന് ആരംഭിക്കും. ഭൂരിഭാഗം കമ്പനികളും കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കൂട്ടിയ സാഹചര്യത്തില്‍ ഓഫര്‍ സെയിലിലൂടെ കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ സ്വന്തമാക്കാന്‍ ഈ അവസരം ഉപയോഗപ്പെടുത്താം. വസ്ത്രങ്ങള്‍ മുതല്‍ ഗ്രോസറി ഉല്‍പ്പന്നങ്ങള്‍ക്ക് വരെ ഇക്കാലയളവില്‍ വിലക്കിഴിവ് ലഭിക്കും. ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ബിംഗ് സേവിംഗ്സ് ഡേയ്സ് ജനുവരി 17 മുതല്‍ 22 വരെയാണ്. ആമസോണ്‍ ഗ്രേറ്റ് റിപ്പബ്ലിക് സെയില്‍ ജനുവരി 17 മുതല്‍ 20 വരെയാണ്.

🔳ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ് ഏഥര്‍ എനര്‍ജിയില്‍ 420 കോടി രൂപ നിക്ഷേപിക്കും. ഒറ്റത്തവണയായോ ഘട്ടംഘട്ടമായോ ആയിരിക്കും നിക്ഷേപം നടത്തുക. രാജ്യത്തെ വളര്‍ന്നു വരുന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കളില്‍ പ്രധാനികളാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏഥര്‍. നിലവില്‍ ഏഥറില്‍ 34.8 ശതമാനം ഓഹരി പങ്കാളിത്തമാണ് ഹീറോയ്ക്ക് ഉള്ളത്.

🔳നവാഗത സംവിധായകന്‍ മനീഷ് കുറുപ്പ് ഒരുക്കിയ ‘വെള്ളിക്കാപ്പട്ടണം’ ഉടന്‍ പ്രേക്ഷകരിലേക്കെത്തും. വെള്ളരിക്കാപ്പട്ടണത്തിലൂടെ മുന്‍മന്ത്രിമാരായ കെ കെ ശൈലജയും, വി എസ് ശിവകുമാറും ആദ്യമായി വെള്ളിത്തിരയിലെത്തുന്നു. രസകരമായ ജീവിത മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയ ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നറാണ്. ഗാനങ്ങള്‍ ഇതിനോടകം തന്ന ഹിറ്റായി. അതിജീവനത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ ഗോപകുമാര്‍, കൊച്ചുപ്രേമന്‍, കവിത, മഞ്ജു പുനലൂര്‍, സൂരജ് സജീവ് എന്നിവരും അഭിനയിക്കുന്നു.

🔳മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം ഭീഷ്മ പര്‍വ്വത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. ‘ഈ വാനിന്‍ തീരങ്ങള്‍ തെളിയുന്നു’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീനാഥ് ഭാസിയാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഫെബ്രുവരി 24നാണ് ചിത്രത്തിന്റെ റിലീസ്. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ‘ഭീഷ്മ പര്‍വ്വം’.

🔳മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ജനപ്രിയ മോഡലാണ് സ്‌കോര്‍പ്പിയോ. നിലവിലെ തലമുറ മഹീന്ദ്ര സ്‌കോര്‍പിയോ അടുത്ത വര്‍ഷത്തോടെ പുതിയ തലമുറ മോഡല്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കും. ഈ നിലവിലെ മോഡലും അതിന്റെ ജനപ്രീതി കാരണം പുതിയ മോഡലിനൊപ്പം വില്‍ക്കാനാണ് കമ്പനിയുടെ നീക്കം. ഇപ്പോഴിതാ സ്‌കോര്‍പ്പിയോയുടെ വിലയും കൂട്ടിയിരിക്കുകയാണ് . സ്‌കോര്‍പിയോയുടെ വില 41,000 രൂപ മുതല്‍ 53,000 രൂപ വരെയാണ് മഹീന്ദ്ര ഉയര്‍ത്തിയത്.

🔳അര്‍ജന്‍ അലര്‍ച്ചകളിലേക്ക് ഞെട്ടിയുണര്‍ന്നു. പുറത്തു നിന്നും ഭയാനകമായ ആക്രോശങ്ങളും നിലവിളികളും അവന്റെ മുറിയില്‍ കേള്‍ക്കാമായിരുന്നു. പെട്ടെന്നു അവന്‍ കിടക്കയില്‍നിന്ന് ചാടിയിറങ്ങി.പിന്നെ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കാന്‍ ജനലിന് അരികിലേക്ക് പോയി. കോട്ടയുടെ മൂന്നാം നിലയില്‍ നിന്ന് ഇന്ദ്രഗഡ് നഗരത്തെ ആക്രമിക്കുന്നത് എന്തിനെന്ന് കാണാന്‍ കഴിഞ്ഞു. ‘മഹായോദ്ധ കല്‍ക്കി’. കെവിന്‍ മിസാല്‍. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 382 രൂപ.

🔳ഹൃദയത്തിന്റെ നല്ല ആരോഗ്യത്തിന് ഭക്ഷണക്രമത്തിലും പ്രത്യേകം ശ്രദ്ധ വേണം. ഹൃദയത്തെ സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളില്‍ ബ്രൊക്കോളി ആണ് ആദ്യം. ഹൃദയത്തിന്റെ ആരോഗ്യത്തിന് വേണ്ട മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളും, ഒമേഗ-3 ഫാറ്റി ആസിഡുകളും ഫൈബറുമെല്ലാം ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കുന്നു. ആപ്പിള്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ കാക്കുന്ന വിറ്റാമിന്‍ എ, ഇ, ബി1, ബി2 , കെ എന്നിവ ആപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഒപ്പം മറ്റ് മിനറല്‍സും ഇവയില്‍ അടങ്ങിയിരിക്കുന്നു. കാബേജ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു. ഓറഞ്ചാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിട്രസ് വിഭാഗത്തിലുള്ള ഫലമാണ് ഓറഞ്ച്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഓറഞ്ച് ആന്റിഓക്സിഡന്റുകളുടെയും നാരുകളുടെയും സ്രോതസാണ്. തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ രക്തത്തെ ശുദ്ധീകരിക്കുന്നതിനൊപ്പം ഹൃദയത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. സ്ട്രോബെറിയാണ് ഈ പട്ടികയിലെ ആറാമന്‍. ബീറ്റ്‌റൂട്ട് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, ബി, സി, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയ പപ്പായ നാരുകളാല്‍ സമ്പന്നമാണ്. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് മത്സ്യങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. മത്തി, അയല, ചൂര എന്നിവയിലുള്ള ഒമേഗ 3 ഫാറ്റി ആസിഡും കൊഴുപ്പ് കുറച്ച പ്രോട്ടീനും ഹൃദയത്തെ സംരക്ഷിക്കുന്നു. വാള്‍നട്‌സ്, ബദാം തുടങ്ങിയ നട്സ് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ മഹുവ എന്ന സ്ഥലത്താണ് ബല്‍വന്ത് പരേഖ് ജനിച്ചത്. മാതാപിതാക്കള്‍ക്ക് അവനെ ഒരു അഡ്വക്കേറ്റാക്കാനായിരുന്നു ഇഷ്ടം. അതിനായി അവര്‍ മകനെ മുബെയിലേക്ക് നിയമം പഠിക്കാന്‍ അയച്ചു. എന്നാല്‍ സ്വാതന്ത്ര്യസമരത്തില്‍ ആകൃഷ്ടനായ അദ്ദേഹം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് പ്രക്ഷോഭ പാത പിന്തുടര്‍ന്നു. ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തു. മാതാപിതാക്കളുടെ നിര്‍ബന്ധം സഹിക്കാതായപ്പോള്‍ വീണ്ടും മുംബൈയില്‍ എത്തി പഠനം പൂര്‍ത്തിയാക്കി. പക്ഷേ കോടതിയില്‍ പോകാനോ കേസ് വാദിക്കാനോ അദ്ദേഹത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. വീട്ടില്‍ നിന്നുമുള്ള എതിര്‍പ്പ് അവഗണിച്ച് ഡൈയിങ്ങ് ആന്റ് പ്രിന്റിങ്ങ് പ്രസ്സില്‍ ജോലി ആരംഭിച്ചു. പിന്നീട് ഒരു മരക്കച്ചവട സ്ഥാപനത്തില്‍ പ്യൂണ്‍. 1954 ല്‍ ബല്‍വന്ത് പരേഖ് തന്റെ സഹോദരനോടൊപ്പം ചേര്‍ന്ന് ടെക്‌സ്റ്റൈല്‍ പ്രിന്റിംഗിന് ഉപയോഗിക്കുന്ന എമല്‍ഷനുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. 1959 ല്‍ ഇതൊരു കെമിക്കല്‍ കമ്പനിയായി മാറി. അവിടെ നിന്നും ഫെവിക്കോള്‍ പശ ഉടലെടുത്തു. ഫെവിക്കോള്‍ പിഡിലിറ്റ് ഇന്റസ്ട്രീസ് ഈ മേഖലയില്‍ കുത്തക സ്ഥാപിച്ചെടുത്തത് വളരെ വേഗത്തിലായിരുന്നു.2006 മുതല്‍ വിദേശ വിപണിയിലും പിഡിലിറ്റ് ഫെവിക്കോള്‍ തന്റെ ആധിപത്യം ഉറപ്പിച്ചു. സ്വപ്നങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. ആ സ്വപ്നങ്ങളുടെ പിറകേ, ആവേശത്തോടെ സഞ്ചരിക്കുന്നവര്‍ക്ക് മാത്രമേ, സ്വപ്നങ്ങളെ സത്യമാക്കാന്‍ ആകൂ. പ്രതിസന്ധികളും പ്രതിബന്ധങ്ങളേയും തരണം ചെയ്ത് നമുക്കും നമ്മുടെ സ്വപ്നങ്ങളുടെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കട്ടെ – ശുഭദിനം.

⛔🔲⛔🔲⛔🔲⛔🔲⛔🔲⛔