Headlines

കെനിയ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ അന്തരിച്ചു

കെനിയൻ മുൻ പ്രധാനമന്ത്രി റെയില ഒടുങ്കെ കേരളത്തിൽ വെച്ച് അന്തരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കൂത്താട്ടുകുളത്തെ ശ്രീധരീയം ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതായിരുന്നു അദ്ദേഹം. പ്രഭാത നടത്തത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. പിന്നീട് കൂത്താട്ടുകുളത്തെ ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. മകളും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.മൃതദേഹം കൂത്താട്ടുകുളം ദേവമാത ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നേത്ര ചികിത്സയുമായി ബന്ധപ്പെട്ടാണ് റെയില ഒടുങ്കെ ശ്രീധരീയം ആശുപത്രിയിൽ എത്തിയത്. കേരളവുമായി അടുത്തബന്ധം പുലർത്തിയിരുന്ന അദ്ദേഹം ഇതിനുമുൻപും ആയുർവേദ ചികിത്സയ്ക്കായി എത്തിയിട്ടുണ്ട്. ഒടുങ്കെയുടെ മരണവുമായി ബന്ധപ്പെട്ട് കെനിയൻ അധികൃതരുമായും ഡൽഹിയിലെ കെനിയൻ ഹൈ കമ്മീഷനുമായും ബന്ധപ്പെടുന്നതായി വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.

2008 മുതൽ 2013 വരെ കെനിയയുടെ പ്രധാന മന്ത്രിയായിരുന്നു റെയില ഒടുങ്കെ. 1997, 2007, 2013, 2017, 2022 എന്നീ വർഷങ്ങളിൽ പ്രധാനമന്ത്രി പദവിയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2022 ലെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ എതിരാളി വില്യം റിതോയോടാണ് ഒടുങ്കെ പരാജയപ്പെട്ടത്.