Headlines

‘രാഹുല്‍ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് പറഞ്ഞത് പ്രതിപക്ഷ നേതാവ് മാത്രം, ഇത് സംശയമുണ്ടാക്കി’; കെപിസിസി യോഗത്തില്‍ വിമര്‍ശനം

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം സജീവ ചര്‍ച്ചയായി കെ.പി.സി.സി ഭാരവാഹി യോഗം. രാഹുല്‍ വിഷയത്തില്‍ നേതാക്കളുടെ അഭിപ്രായങ്ങളില്‍ ക്ലാരിറ്റി കുറവുണ്ടെന്നാണ് വിമര്‍ശനം. സൈബര്‍ ആക്രമണം അവസാനിപ്പിക്കാനും പാര്‍ട്ടി നിര്‍ദേശിച്ചു.

മണിക്കൂറുകള്‍ നീണ്ട കെപിസിസി ഭാരവാഹി യോഗത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയവും അനുബന്ധ വിവാദങ്ങളും തന്നെയാണ് സജീവ ചര്‍ച്ചയായത്. രാഹുലിന്റെ നിയമസഭയിലേക്കുള്ള വരവും യോഗത്തില്‍ ചര്‍ച്ചയായി. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ നേമം ഷജീര്‍ സഭയില്‍ എത്തിയതും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഷജീറിന്റെ സാന്നിധ്യം നേതാക്കളുടെ പിന്തുണയോടെയെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റം പറയാന്‍ ആകില്ലെന്ന് യോഗത്തില്‍ പരാമര്‍ശമുണ്ടായി.

പല നേതാക്കള്‍ക്കും വിഷയത്തില്‍ ക്ലാരിറ്റി ഇല്ലെന്നാണ് ഉയര്‍ന്ന മറ്റൊരു വിഷയം. പ്രതിപക്ഷനേതാവ് മാത്രം നിലപാട് ആവര്‍ത്തിച്ചു പറയുമ്പോള്‍ സംശയം തോന്നും. എന്തെങ്കിലും അജണ്ടയുണ്ടോ എന്ന് സംശയമുണ്ടാകും. രാഹുലിനെതിരെ നിലപാട് പറയാന്‍ പല നേതാക്കളും തയ്യാറാവുന്നില്ലെന്നും വിമര്‍ശനം ഉണ്ടായി. സൈബര്‍ ആക്രമത്തിന്റെ കാരണം ഇതാണെന്നാണ് യോഗത്തിലെ വിലയിരുത്തല്‍

സൈബര്‍ അക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ അവസാനിപ്പിക്കണമെന്ന് കെ മുരളീധരന്‍ നേതൃയോഗത്തില്‍ വിമര്‍ശിച്ചു. നേതാക്കള്‍ക്കെതിരായ സൈബര്‍ അക്രമണത്തില്‍ ശക്തമായ നടപടിക്ക് കെപിസിസി യോഗം നിര്‍ദ്ദേശം നല്‍കി. പാര്‍ട്ടിയുടെ ഡിജിറ്റല്‍ മീഡിയ സെല്ലിന് ഇക്കാര്യത്തില്‍ പങ്കുണ്ടോ എന്ന് പരിശോധിക്കും. വി.ടി ബല്‍റാമിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കും. എന്നാല്‍ വിവാദങ്ങളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഒരു പ്രതികരണവും നടത്തിയില്ല. വയനാട് ആത്മഹത്യകളും വിവാദങ്ങളും യോഗം ചര്‍ച്ച ചെയ്തു. എന്‍.എം വിജയന്റെ കുടുംബത്തിന് പരമാവധി സഹായം ചെയ്തുവെന്ന് വയനാട്ടില്‍ നിന്നുള്ള നേതാക്കള്‍ അറിയിച്ചു.