ജമ്മുകശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ മരണം 46 ആയി. 68 പേരെ കാണാനില്ലെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റ 167 പേരെ സേന രക്ഷപ്പെടുത്തി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നവർക്കായി സൈന്യത്തിൻറെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് രാവിലെ മുതൽ രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്.
ഭീമൻ പാറക്കല്ലുകളും, കടപുഴകിയ മരങ്ങളും, വൈദ്യുത തൂണുകളും കൂടുതൽ മണ്ണ് മാന്തിയന്ത്രം എത്തിച്ച് നീക്കം ചെയ്യാൻ തുടങ്ങി. മചയിൽ മാതാ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ വാഹനങ്ങൾ എത്തുന്ന അവസാനത്തെ ഗ്രാമമാണ് ചൊസിതി.ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മിന്നൽ പ്രളയം ഉണ്ടായത്. ജൂലൈ 25 ന് തുടങ്ങിയ തീർത്ഥാടന യാത്രയ്ക്കായി നിരവധി പേർ ചൊസിതിയിൽ എത്തിയിരുന്നു. സെപ്റ്റംബർ 5 നായിരുന്നു യാത്ര അവസാനിക്കേണ്ടിയിരുന്നത്. എട്ടര കിലോമീറ്റർ ദുർഘടം പിടിച്ച വഴിയിലൂടെ വേണം ക്ഷേത്രത്തിലേക്ക് എത്താൻ. 16 വീടുകളും, സർക്കാർ മന്ദിരങ്ങളും, മൂന്ന് ക്ഷേത്രങ്ങളും, പാലവും , നിരവധി വാഹനങ്ങളും മിന്നൽ പ്രളയത്തിൽ ഒലിച്ചുപോയി.