ആരോഗ്യ മന്ത്രി വീണാ ജോർജിനോട് ശമ്പളം ലഭിച്ചില്ലെന്ന പരാതി പറഞ്ഞ മഞ്ചേരി മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. സംഘം ചേർന്ന് ബഹളം വെക്കുകയും സംഘർഷ സാധ്യതയുണ്ടാക്കുകയും ചെയ്തുവെന്ന പ്രിൻസിപ്പൽ ഡോ. കെ.കെ അനിൽ രാജിന്റെ പരാതിയിലാണ് കണ്ടാലറിയാവുന്ന കരാർ ജീവനക്കാർക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി മന്ത്രി വീണാ ജോർജ് മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിയത്. പരിപാടികൾക്ക് ശേഷം മന്ത്രി മടങ്ങാൻ തയ്യാറെടുത്തപ്പോൾ താൽക്കാലിക ജീവനക്കാർ തങ്ങളുടെ ശമ്പള പ്രശ്നം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചു. ഇതിനാണ് ജീവനക്കാർ ബഹളം വെക്കുകയും സംഘർഷമുണ്ടാക്കുകയും ചെയ്തുവെന്ന് കാണിച്ച് പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകിയത്.
മാസങ്ങളായി ശമ്പളം ലഭിക്കാത്തത് കാരണം ദുരിതത്തിലായിരുന്ന ജീവനക്കാർ തങ്ങളുടെ പ്രശ്നം മന്ത്രിയോട് നേരിട്ട് അറിയിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നാണ് പറയുന്നത്. എന്നാൽ ഈ ആവശ്യം ഉന്നയിച്ചതിന് ലഭിച്ച കേസിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങളെ അടിച്ചമർത്തുന്ന സമീപനമാണ് അധികാരികളിൽ നിന്ന് ഉണ്ടായതെന്നാണ് ആക്ഷേപം.