Headlines

മഞ്ചേശ്വരത്ത് വീട്ടിൽ നിന്ന് 110 ഗ്രാം സ്വർണം കവർന്നു; മോഷണത്തിനു പിന്നിൽ വീട്ടുകാരെ കൃത്യമായി അറിയാവുന്നയാൾ

 

കാസർകോട് ∙ മഞ്ചേശ്വരം പൈവളിഗെയിലെ വീട്ടിൽ നിന്ന് 110 ഗ്രാം സ്വർണവും 20,000 രൂപയും കവർന്നതായി പരാതി. കുരുടപ്പദവിലെ സുബ്രായ സായയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ജൂൺ‍ 9നും 23നും ഇടയിൽ മോഷണം നടന്നുവെന്നാണ് കരുതുന്നതെന്ന് സുബ്രായ പറയുന്നു. മാർച്ച് 9ന് ഇവർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ തൊഴാൻ പോയിരുന്നു. 11ന് തിരിച്ചുവന്നെങ്കിലും വീട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടില്ല. ജൂൺ അവസാന ആഴ്ച പണത്തിന് ആവശ്യം വന്നപ്പോഴാണ് പെട്ടി തുറന്നു നോക്കിയത്. അപ്പോഴാണ് പണവും സ്വർണവും നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. താക്കോൽ ഉപയോഗിച്ചാണ് വീടും പെട്ടിയും തുറന്നതെന്ന് വ്യക്തമായതിനാൽ പരിചയമുള്ള ആരെങ്കിലും ആയിരിക്കും എന്നാണ് കരുതിയത്. തുടർന്ന് ബന്ധുക്കൾ ഉൾപ്പെടെയുള്ളവരോട് വിവരം അന്വേഷിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. ഇതോടെ ജൂൺ 30ന് പൊലീസിൽ പരാതി നൽകി. പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നുവെന്ന് സുബ്രായ പറഞ്ഞു. ഡോഗ് സ്ക്വാഡ് ഉൾപ്പെടെ വീട്ടിലെത്തി പരിശോധന നടത്തി. വീടിനെക്കുറിച്ചും താക്കോൽ സൂക്ഷിക്കുന്ന സ്ഥലവും കൃത്യമായി അറിയാവുന്നവരാണ് മോഷണത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം.