Headlines

സ്പാനിഷ് കുതിപ്പും ഫ്രാന്‍സിന്റെ പെയിനും കണ്ട് ലാലേട്ടന്‍; ഡാലസ് സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ വൈറല്‍

 

ഒരുപോലെ കരുത്തരായ ഫ്രാന്‍സ്- സ്‌പെയിന്‍ സൂപ്പര്‍ സെമി ഡാലസ് സ്റ്റേഡിയത്തില്‍ തീപാറിച്ചപ്പോള്‍, ഗോട്ട് എന്ന് വിളിക്കാവുന്ന എംബാപ്പെയ്ക്ക് അടിപതറിയപ്പോള്‍, സ്പാനിഷ്പ്പട പൊളിച്ചടുക്കിയപ്പോള്‍ അതിനെല്ലാം നേര്‍സാക്ഷിയായി ഡാലസ് സ്‌റ്റേഡിയത്തില്‍ മലയാളത്തിന്റെ ഗോട്ടുമുണ്ടായിരുന്നു. സ്‌റ്റേഡിയത്തിലിരുന്ന് ഭാര്യയ്ക്കും സ്റ്റീഫന്‍ ദേവസ്സിയ്ക്കുമൊപ്പം കളികാണാനിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ തരംഗം സൃഷ്ടിക്കുകയാണ്. വന്‍ മലയാളി സാന്നിധ്യമുണ്ടായിരുന്ന സ്‌റ്റേഡിയത്തില്‍ ലാലേട്ടന്റെ സാന്നിധ്യം ഇരട്ടിഓളമുണ്ടാക്കി. (Mohanlal watches France vs Spain World Cup semi-final in Dallas)

 

 

മോഹന്‍ലാല്‍, ഭാര്യ സുചിത്ര, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, ഫുട്‌ബോള്‍ താരം ഐഎം വിജയന്‍, സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സി തുടങ്ങിയവരാണ് വിഐപി ബോക്‌സിലിരുന്ന് ഇന്നലത്തെ കളി കണ്ടത്. ചുവന്ന നിറത്തിലുളള ടീഷര്‍ട്ടും വെള്ള പാന്റ്‌സും വെളുത്ത തൊപ്പിയും കൂളിങ് ഗ്ലാസും ധരിച്ചാണ് മോഹന്‍ലാല്‍ കളികണ്ടത്. അദ്ദേഹം സ്‌പെയ്‌നെ പിന്തുണച്ചാണ് എത്തിയതെന്നാണ് കമന്റുകള്‍ പറയുന്നത്. ചില ചിത്രങ്ങള്‍ സ്റ്റീഫന്‍ ദേവസ്സി പങ്കുവച്ചതോടെയാണ് ഇവ വൈറലായത്.ഈ ലോകകപ്പില്‍ ഇതാദ്യമായല്ല മോഹന്‍ലാല്‍ ഒരു മാച്ച് കാണാനായി എത്തുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിന് എതിരായ അര്‍ജന്റീനയുടെ ക്വാര്‍ട്ടര്‍ ഫൈനല്‍ സൂപ്പര്‍ പോരാട്ടത്തിനും മോഹന്‍ലാല്‍ നേരിട്ട് സാക്ഷിയായിരുന്നു. അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയോടുള്ള ഇഷ്ടവും ആരാധനയും പല ഘട്ടങ്ങളിലും മോഹന്‍ലാല്‍ പ്രകടിപ്പിച്ചിട്ടുണ്ട്.