Headlines

ഭൂമിയെ തൊട്ട് ശുഭാംശുവും സംഘവും; ആക്സിയം ഫോര്‍ സംഘം തിരിച്ചെത്തി

ചരിത്രം കുറിച്ച ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം ഫോര്‍ സംഘം ഭൂമിയെത്തൊട്ടു. ഇന്ത്യന്‍ സമയം മൂന്ന് മണിയോടെ കാലിഫോര്‍ണിയക്ക് അടുത്ത് സാന്‍ഡിയാഗോ തീരത്തിനടുത്തായിരുന്നു സ്പ്ലാഷ്ഡൗണ്‍. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി.

സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂര്‍ത്തിയായത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂണ്‍ 25ന് ആണ് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് നാലംഗ സംഘം ഉള്‍ക്കൊള്ളുന്ന ഡ്രാഗണ്‍ പേടകത്തെയും വഹിച്ച് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങുന്നത്.

ഭാവി ബഹിരാകാശ യാത്രകള്‍ക്കും ശാസ്ത്ര ഗവേഷണങ്ങള്‍ക്കും മുതല്‍ക്കൂട്ടാകുന്ന അറുപത് പരീക്ഷണങ്ങളാണ് സംഘം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയാണ് ദൗത്യത്തിന്റെ പൈലറ്റ്. ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ശുഭാംശു. രാകേഷ് ശര്‍മയ്ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടവും ശുഭാംശു സ്വന്തമാക്കി. വെറ്ററന്‍ ബഹിരാകാശയാത്രിക പെഗ്ഗി വിറ്റ്സണ്‍ കമാന്‍ഡറായുള്ള ദൗത്യത്തില്‍ പോളണ്ടുകാരനായ സ്ലവോഷ് ഉസ്നാന്‍സ്‌കിയും ഹങ്കറിക്കാരന്‍ ടിബോര്‍ കാപുവും മിഷന്‍ സ്പെഷ്യലിസ്റ്റുകളാണ്.