വയനാട് ബത്തേരി ഹേമചന്ദ്രൻ കൊലപാതക കേസിലെ കാർ കണ്ടെത്തി. നൗഷാദിൻ്റെ ഉടമസ്ഥതയിലുള്ള KL 10 AZ 6449 നമ്പർ മാരുതി സിയാസ് കാർ ആണ് അന്വേഷണ സംഘം കണ്ടെത്തിയത്. മലപ്പുറം ജില്ലക്കാരന് നൗഷാദ് പണയത്തിന് കൊടുത്തിരുന്ന കാറാണ് കണ്ടെത്തിയത്. ഈ കാറിലാണ് ഹേമചന്ദ്രന്റെ മൃതദേഹം ഒളിപ്പിക്കുകയും പിന്നീട് മറവ് ചെയ്യാൻ കൊണ്ടുപോയതും. ശാസ്ത്രീയമായ പരിശോധനകൾക്കൊടുവിലാണ് കാർ കണ്ടെത്താനായത്.
പൊലീസിനെ സംബന്ധിച്ചിടത്തോളം കാർ കണ്ടെത്തൽ ഏറെ ശ്രമകരമായിരുന്നു. കാരണം കാറുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും നൗഷാദ് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നില്ല. കാർ ഫോറെൻസിക്ക് സംഘത്തിന് വിശദമായ പരിശോധനകൾ നടത്തുന്നതിനായി കൈമാറും. ഹേമചന്ദ്രന്റെ മൃതദേഹം ഒളിപ്പിച്ച കാറിന്റെ ഡിക്കി പെയിന്റ് അടിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. അതടക്കമുള്ള കാര്യങ്ങളിൽ പരിശോധനകൾ ഉണ്ടാകും.
എന്നാൽ താൻ ഈ കൊലപാതകം ചെയ്തിട്ടില്ലെന്ന മൊഴിയിൽ തന്നെ ഉറച്ചു നിൽക്കുകയാണ് നൗഷാദ്. കേസിൽ യാതൊരു വിധത്തിലുള്ള സഹകരണവും ഇയാൾ നടത്തുന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഹേമചന്ദ്രൻ തൂങ്ങി മരിച്ചതാണെന്നും എന്നാൽ മൃതദേഹം കുഴിച്ചിട്ടത് താനാണെന്നുമാണ് നൗഷാദ് പൊലീസിന് നൽകിയ മൊഴി.