Headlines

‘കേരള കോണ്‍ഗ്രസ് എമ്മുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല’; ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ്

ജോസ് കെ.മാണി യുഡിഎഫിലേക്കില്ലെന്ന് വ്യക്തമാക്കിയതോടെ, കേരള കോണ്‍ഗ്രസ് എമ്മുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന വാദവുമായി കോണ്‍ഗ്രസ് നേതൃത്വം. ജനപിന്തുണയാണ് കോണ്‍ഗ്രസിന്റെ വിസ്മയമെന്ന് സണ്ണി ജോസഫ് പറഞ്ഞു. ഒരു വിസ്മയവും യുഡിഎഫ് അവകാശപ്പെട്ടിട്ടില്ലെന്ന് അടൂര്‍ പ്രകാശ് പ്രതികരിച്ചു. വാതിലുകള്‍ അടച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.കേരള കോണ്‍ഗ്രസ് എമ്മുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിട്ടില്ല. മുസ്ലിം ലീഗ് ചര്‍ച്ച നടത്തിയതായി അറിയില്ല. ലീഗ് കൂടുതല്‍ സീറ്റ് ചോദിച്ചിട്ടില്ല. ജനപിന്തുണയാണ് കോണ്‍ഗ്രസിന്റെ വിസ്മയം – സണ്ണി ജോസഫ് പറഞ്ഞു.

ജോസ് കെ മാണിയുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ല. അടൂര്‍ പ്രകാശാണ് യുഡിഎഫ് കണ്‍വീനര്‍. യാതൊരുവിധ ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ആധികാരികമായി എനിക്ക് പറയാന്‍ സാധിക്കും. വരാന്‍ കഴിയുന്നവര്‍ വരട്ടെ. പക്ഷേ അത് അവരുടെ ആവശ്യപ്രകാരമേ ആയിരിക്കുകയുള്ളു – അടൂര്‍ പ്രകാശ് പറഞ്ഞു.ആരെയും വിഷമിപ്പിക്കാനോ സമ്മര്‍ദം ചെലുത്താനോ ഒന്നുമല്ല. വാതില്‍ അടച്ചു എന്ന് പറയാത്തിടത്തോളം തുറന്ന് തന്നെ കിടക്കും. ഞങ്ങള്‍ അടച്ചു എന്ന് പറഞ്ഞിട്ടുമില്ല. സമാന ചിന്താഗതിയുള്ള ആളുകളെ ഉള്‍ക്കൊള്ളുക എന്നതാണ് ഞങ്ങളുടെ നിലപാട് – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ജോസ് കെ മാണി എല്‍ഡിഎഫ് വിടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ജോസ് കെ മാണിയുമായി സംസാരിച്ചു. എല്‍ഡിഎഫ് വിടില്ലെന്ന് ഉറപ്പ് നല്‍കി. വാക്ക് വിശ്വസിക്കുന്നെന്നും ബിനോയ് വിശ്വം പറഞ്ഞു.

കേരള കോണ്‍ഗ്രസ് എമ്മിനെ ക്ഷണിക്കുന്നത് കോണ്‍ഗ്രസിന് ആത്മവിശ്വാസം ഇല്ലാത്തത് കൊണ്ടാണ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. കോണ്‍ഗ്രസിന് ആത്മവിശ്വാസം ഇല്ല. കേരള കോണ്‍ഗ്രസിലെ ക്ഷണിക്കുന്നത് ഇതുകൊണ്ടാണ്. കേരള കോണ്‍ഗ്രസ് എല്‍ഡിഎഫ് ഉറച്ചു നില്‍ക്കുന്നു എന്ന വ്യക്തമാക്കി കഴിഞ്ഞു. എന്നിട്ടും ക്ഷണിക്കുന്നത് ആത്മവിശ്വാസം ഇല്ലാത്തതിനാലാണ് – അദ്ദേഹം വ്യക്തമാക്കി.