കുവൈത്ത് വിഷ മദ്യ ദുരന്തത്തിൽ രണ്ട് പേർ അറസ്റ്റിൽ. മദ്യനിർമാണ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ പ്രവാസികളാണ് അറസ്റ്റിലായത്. മലയാളികള്‍ ഉള്‍പ്പടെ 13 പേരാണ് ദുരന്തത്തിൽ മരിച്ചത്. ജിലീബ് അൽ ശുയൂഖ് ബ്ലോക്ക് നാലിലാണ് അനധികൃത മദ്യ നിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്ന് മദ്യം വിതരണം ചെയ്തവരുടെ വിവരം അന്വേഷണസംഘം ശേഖരിച്ചു വരികയാണ്.
മരണമടഞ്ഞവരിൽ മുഴുവൻ പേരും ഏഷ്യക്കാരാണ്. 31 പേർ വെന്റിലേറ്ററുകളിൽ കഴിയുകയാണ്. 51 പേർക്ക് അടിയന്തര ഡയാലിസിസ് ആവശ്യമായി വന്നു. 21 പേർക്ക് സ്ഥിരമായ അന്ധതയോ കാഴ്ചക്കുറവോ ഉണ്ടായതായും അധികൃതർ വ്യക്തമാക്കി.
വിഷ മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ എംബസി ഹെല്പ് ലൈൻ നമ്പർ സ്ഥാപിച്ചു.മരണ മടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് എംബസിയുമായി ബന്ധപ്പെടുന്നതിന് +965-65501587 എന്ന ഹെല്പ് ലൈൻ നമ്പർ സ്ഥാപിച്ചതായി ഇന്ത്യൻ എംബസി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ അറിയിച്ചു. സംഭവം എംബസിയുടെ ശ്രദ്ധയിൽപ്പെട്ടയുടനെ, ഇന്ത്യൻ സ്ഥാനപതിയും മറ്റ് എംബസി ഉദ്യോഗസ്ഥരും ബന്ധപ്പെട്ട സർക്കാർ ആശുപത്രികൾ സന്ദർശിച്ച് ആരോഗ്യസ്ഥിതി അന്വേഷിക്കുകയും ശരിയായ ചികിത്സയ്ക്കായി ബന്ധപ്പെട്ട ആശുപത്രികളുമായും കുവൈറ്റ് ആരോഗ്യ മന്ത്രാലയവുമായും നിരന്തരം ബന്ധപ്പെട്ടു വരികയാണെന്നും എംബസി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ അറിയിച്ചു.