അബ്കാരി കേസിൽ കണ്ടുകെട്ടിയ വാഹനം പൊതുഭരണ വകുപ്പിന്റെ ഹൗസ് കീപ്പിംഗ് ആവശ്യത്തിന് സൗജന്യമായി അനുവദിച്ച് സർക്കാർ. 2020-ൽ പഴയന്നൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കണ്ടുകെട്ടിയ റെനോ കാപ്ച്ചർ (KL 13 AP 6876) എന്ന കാറാണ് പൊതുഭരണ വകുപ്പിന്റെ ഹൗസ് കീപ്പിംഗ് വിഭാഗത്തിന് സൗജന്യമായി നൽകാൻ സർക്കാർ ഉത്തരവിട്ടത്ത്.
നികുതി വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കേരള അബ്കാരി ചട്ടം 23 പ്രകാരമാണ് കണ്ടുകെട്ടിയ വാഹനം മറ്റൊരു സർക്കാർ വകുപ്പിന് സൗജന്യമായി അനുവദിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.
പൊതുഭരണ വകുപ്പിലെ ഹൗസ് കീപ്പിംഗ് വിഭാഗം നിലവിൽ ഉപയോഗിക്കുന്ന ടാറ്റ സുമോ വാഹനം 14 വർഷത്തിലധികം പഴക്കമുള്ളതും, 2026 മാർച്ച് 24 വരെ മാത്രം ഫിറ്റ്നസുള്ളതും, ജീർണിച്ച നിലയിലുള്ളതുമാണ്.ഈ സാഹചര്യത്തിലാണ് പുതിയ വാഹനം ആവശ്യപ്പെട്ടുകൊണ്ട് പൊതുഭരണ വകുപ്പ് നികുതി വകുപ്പിനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അബ്കാരി കേസിൽ കണ്ടുകെട്ടിയ വാഹനം സൗജന്യമായി അനുവദിക്കാൻ നികുതി വകുപ്പ് തീരുമാനിച്ചത്. 2019 മോഡൽ റെനോ കാപ്ച്ചർ കാറാണ് ഇത്തരത്തിൽ കൈമാറുന്നത്.