ഇന്നും സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
സംസ്ഥാനത്ത് മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്.
പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ, ഇന്നും (14.07.2026) സംസ്ഥാനത്ത് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാം എന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറു മുതൽ രാത്രി 12ന് ഇടയിൽ രണ്ടു ഘട്ടമായി വൈദ്യുതി നിയന്ത്രണം ഉണ്ടായി. ഇന്നും അതേ നില തന്നെ തുടരും.









