Headlines

അനുമോദനച്ചടങ്ങ് വിവാദം; ‘ജലീലിന് തെറ്റുപറ്റി, കുട്ടികൾക്കുണ്ടാകുന്ന മാനസിക പ്രയാസം വലുത് ‘

 

കണ്ണൂർ ∙ പുതിയ കാലത്തുനിന്ന് ചിന്തിച്ചാൽ കെ.ടി. ജലീലിന് തെറ്റുപറ്റിയെന്ന് പറയേണ്ടി വരുമെന്ന് മന്ത്രി എ.പി. അനിൽ കുമാർ. ജലീൽ ഇപ്പോഴും നി‍ൽക്കുന്നത് പഴയ കാലത്താണെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അനിൽകുമാർ പറഞ്ഞു. കെ.ടി. ജലീൽ ചെയ്തത് സദുദ്ദേശത്തോടു കൂടിയാണെങ്കിലും ഇന്നത്തെ കാലത്ത് അത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ് സമ്മതിക്കുന്നതായിരിക്കും നല്ലത്. കുട്ടികളെ അടിച്ചു വളർത്തണം എന്നുകരുതുന്ന കാലം കഴിഞ്ഞു. രക്ഷിതാക്കൾക്കു പോലും കുട്ടികളെ അടിക്കാനുളള അവകാശമില്ലെന്നാണ് പറയുന്ന കാലഘട്ടമാണിത്.കുട്ടികളുടെ മാനസിക വളർച്ചയ്ക്ക് തിരിച്ചടിയുണ്ടാകുന്ന ഒന്നും രക്ഷിതാക്കളുടെ ഭാഗത്ത് നിന്നു പോലും ഉണ്ടാകരുത്. ഒരു പൊതുവേദിയിൽ വച്ച് മറ്റു കുട്ടികളുടെ ഇടയിൽനിന്ന് ഒരാളെ വിളിച്ച് വരുത്തി ശിക്ഷ കൊടുക്കുക, മോശക്കാരായി കാണിക്കുക എന്നത് കുട്ടികൾക്കുണ്ടാക്കുന്ന മാനസിക പ്രയാസം വലുതായിരിക്കും. ‌കുട്ടികളാകുമ്പോൾ എല്ലാ കാര്യത്തിനും ഉത്തരം പറയാനാകില്ലെന്നും മന്ത്രി അനിൽ കുമാർ പറഞ്ഞു.മണ്ണാർക്കാട് നടന്ന അനുമോദന ചടങ്ങിലാണ് മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ വിദ്യാർഥികളെ അപമാനിച്ചെന്ന ആരോപണം ഉയർന്നത്. എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടിയവരെ ആദരിക്കുന്ന വിജയോത്സവം പരിപാടിയിലാണ് സംഭവം. കുട്ടികളെ വേദിയിലേക്ക് വിളിച്ചുവരുത്തി എഴുതിക്കുകയും അക്ഷരത്തെറ്റുകളുടെ പേരിൽ പരസ്യമായി ശാസിക്കുകയും ചെയ്തതാണ് വിവാദമായത്.