Headlines

മെഡി. കോളജ് ഡോക്ടർമാരുടെ ഒ.പി. ബഹിഷ്കരണം; സമരത്തിൽ നിന്ന് വിട്ടുനിന്ന് കെ.ജി.പി.എം.ടി.എ.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തുന്ന സമരത്തിൽ ഭിന്നത. സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ മറ്റൊരു സംഘടനയായ കേരള ഗവൺമെന്റ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ സമരത്തിൽ നിന്ന് വിട്ടുനിന്നു.

ശമ്പള പരിഷ്‌കരണം അടക്കം പല കാര്യങ്ങളും കോടതി പരിഗണിക്കുന്ന വിഷയമാണ്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ സർക്കാരിന് നയപരമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കില്ല. ഹാജർ രേഖപ്പെടുത്തിയതിനുശേഷം ജോലിയിൽ നിന്നും മാറിനിൽക്കുന്നത് സമരവും അല്ല, നൈതികതയും അല്ലെന്ന് കെ.ജി.പി.എം.ടി.എ. സംസ്ഥാന പ്രസിഡൻറ് ഡോ. അജിത് പ്രസാദ് പറഞ്ഞു.

ശമ്പള പരിഷ്‌കരണ കുടിശിക വിതരണം ചെയ്യുക, സംസ്ഥാനത്ത് പുതിയ മെഡിക്കൽ കോളജ് ആരംഭിക്കുന്നതിന് മുൻപ് ആവശ്യമായ തസ്തികകൾ സൃഷ്‌ടിക്കുക, ഡോക്ടർമാരുടെ അശാസ്ത്രീയമായ പുനർവിന്യാസം അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെ.ജി.എം.സി.ടി.എയുടെ ഒ.പി. ബഹിഷ്കരണം. സമരത്തെക്കുറിച്ചറിയാതെ മെഡിക്കൽ കോളജുകളിലെത്തിയ രോഗികൾ അക്ഷരാർത്ഥത്തിൽ വലഞ്ഞു. ആരോഗ്യ മന്ത്രിയിൽ നിന്ന് ഉറപ്പ് ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കെ.ജി.എം.സി.ടി.എയുടെ നിലപാട്.