Headlines

സ്വര്‍ണപ്പാളി തിരികെയെത്തിച്ചപ്പോള്‍ പരിശോധനയ്‌ക്കെത്താത്തത് വീഴ്ച; ദേവസ്വം ഗോള്‍ഡ് സ്മിത്തിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ദേവസ്വം ഗോള്‍ഡ് സ്മിത്തിനെ സസ്‌പെന്‍ഡ് ചെയ്യും. ക്ഷേത്രത്തിലെ ദ്വാരപാലകശില്‍പ്പം തിരികെ കൊണ്ടുവന്നപ്പോള്‍ ഗോള്‍ഡ് സ്മിത്ത് പരിശോധനയ്‌ക്കെത്താത്തത് ഗുരുതര വീഴ്ചയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഗോള്‍ഡ് സ്മിത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത് ഒരു സ്വാഭാവിക പിഴവായിട്ടല്ല ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുള്ളത്. സ്വര്‍ണപ്പാളികള്‍ തിരികെയെത്തിച്ചപ്പോള്‍ തയ്യാറാക്കിയ മഹസറിലും ഗോള്‍ഡ് സ്മിത്തും മറ്റൊരു ഉദ്യോഗസ്ഥനും ഒപ്പുവച്ചിരുന്നില്ല. തട്ടിപ്പില്‍ പങ്കുള്ളതിനാല്‍ ഇവരെ മാറ്റിനിര്‍ത്തിയിരിക്കാം എന്നാണ് ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം വിജിലന്‍സ് സസ്‌പെന്‍ഷന് ശിപാര്‍ശ ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച ദേവസ്വം ബോര്‍ഡ് യോഗം ചേരുമ്പോള്‍ ഇത് സംബന്ധിച്ച തീരുമാനം എടുത്തേക്കുമെന്നാണ് വിവരം. കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ സാക്ഷിയാക്കാനുള്ള ശ്രമവും ദേവസ്വം വിജിലന്‍സ് നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ള വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ചെന്നൈയിലെയും കേരളത്തിലെയും പരിശോധന തുടരുകയാണ്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ഇന്ന് നേരിട്ടെത്തി അന്വേഷണസംഘം വിവരം തേടും.ഉണ്ണികൃഷ്ണന്‍ പോറ്റിയെയും ഇന്ന് അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കും.പ്രാഥമികമായി രേഖകള്‍ പരിശോധിച്ച ശേഷമാകും മറ്റു നടപടികളിലേക്ക് അന്വേഷണസംഘം കടക്കുക. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണ്ണപ്പാളികള്‍ കൊണ്ടുപോയ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ പല കേന്ദ്രങ്ങളിലും ഒരേസമയം പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.