മുംബൈ ∙ ഗുജറാത്ത് സ്വദേശിയായ വ്യാപാരിയെ (67) വഞ്ചിച്ച് 1.95 കോടി രൂപ വിലമതിക്കുന്ന സ്വർണവും 30 ലക്ഷത്തിലേറെ രൂപയും മുംബൈ വിമാനത്താവളത്തിൽ വച്ചു തട്ടിയെടുത്തു മുങ്ങിയ 2 മലയാളികൾക്കെതിരെ പൊലീസ് കേസെടുത്തു. മലപ്പുറം സ്വദേശി മുഹമ്മദ് ഹാരിസ് തുമ്പ്ളൻതൊടി, നിയാസ് മുഹമ്മദ് കാട്ടുമാടത്തിൽ എന്നിവർക്കെതിരെയാണു വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തത്.
ദുബായിൽനിന്നു സ്വർണം വാങ്ങി, നാട്ടിൽ വിൽക്കാൻ പദ്ധതിയിട്ട വ്യാപാരി, ഇന്ത്യയിലെത്തുമ്പോൾ കസ്റ്റംസ് നികുതിയായി അടയ്ക്കാൻ 1.28 ലക്ഷം യുഎഇ ദിർഹം (ഏകദേശം 33.35 ലക്ഷം രൂപ) കയ്യിൽ കരുതിയിരുന്നു. ദുബായിൽ നിന്നു മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണു നിയാസ് മുഹമ്മദിനെ വ്യാപാരി പരിചയപ്പെട്ടത്. മുംബൈയിൽ വിമാനമിറങ്ങിയ ശേഷം, കസ്റ്റംസ് നടപടികൾ വേഗത്തിലാക്കാൻ സഹായിക്കാമെന്നു പറഞ്ഞു നിയാസ് വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു. നികുതി അടയ്ക്കാൻ തയാറെടുക്കുന്നതിനിടെ, സഹായിക്കാനെന്ന വ്യാജേന സ്വർണവും പണവും അടങ്ങിയ ബാഗ് കൈക്കലാക്കിയ നിയാസ് അവിടെ നിന്നു മുങ്ങി ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ കടന്നുകളയുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. വിമാനത്താവളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
നിയാസിനൊപ്പം പദ്ധതി ആസൂത്രണം ചെയ്യാനും കൃത്യം നടത്താനും ഹാരിസും സഹായിച്ചെന്നു വ്യാപാരിയുടെ പരാതിയിലുണ്ട്. പ്രതികളെ പിടികൂടാനും നഷ്ടപ്പെട്ട സ്വർണവും പണവും വീണ്ടെടുക്കാനുമുള്ള അന്വേഷണം മുംബൈ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.









