സഭയിൽ വന്ന് കാര്യങ്ങൾ വ്യക്തമാക്കാൻ തയ്യാറാകാതെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒളിച്ചോടുകയാണെന്ന് കോൺഗ്രസ് എം.പി. കെ.സി. വേണുഗോപാൽ. സഭയിൽ നേരിട്ടെത്തി നിലപാട് വ്യക്തമാക്കുന്നതിന് പകരം ആഭ്യന്തരമന്ത്രി സ്‌പീക്കർക്ക് കത്തെഴുതുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പരിഹസിച്ചു.
‘ആഭ്യന്തരമന്ത്രി എന്തിനാണ് സ്പീക്കർക്ക് പ്രണയലേഖനം എഴുതുന്നത്? പറയാനുള്ള കാര്യങ്ങൾ സഭയിൽ വന്ന് അംഗങ്ങളോട് നേരിട്ട് പറയാൻ അദ്ദേഹം എന്തുകൊണ്ടാണ് തയ്യാറാകാത്തത്? എന്തിനെയാണ് അദ്ദേഹം ഭയപ്പെടുന്നത്? സഭയിലെത്തി ചർച്ചയ്ക്ക് തയ്യാറാണെന്നും അതിന് മറുപടി നൽകുമെന്നും പറയാനുള്ള ആർജ്ജവം ആഭ്യന്തരമന്ത്രി കാണിക്കണം. എന്നാൽ അതിന് പകരം അദ്ദേഹം പൂർണ്ണമായും ഒളിച്ചിരിക്കുകയാണ്,’ കെ.സി. വേണുഗോപാൽ പറഞ്ഞു.
പാർലമെന്റ് നടപടികൾ തടസ്സപ്പെടുന്നതിനും സഭസ്തംഭിക്കുന്നതിനും പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന് മറ്റ് ചില അജണ്ടകളാണുള്ളതെന്നും എന്നാൽ ഇന്ത്യൻ ജനത ആ അജണ്ടകളെ പരാജയപ്പെടുത്തിയെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
ധാതു ഖനന ബില്ല്, നികുതി ചുമത്തുന്നതിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ഇനി നിയന്ത്രണം ഏർപ്പെടുത്തി. കേന്ദ്രത്തിന് പൂർണ അധികാരം. ഖനനത്തിൽ ഒരു നികുതിയും ഇനി ചുമത്താൻ സംസ്ഥാനത്തിന് കഴിയില്ല. ആലപ്പുഴ, കേരളം എന്നിവിടങ്ങളിൽ മാത്രമല്ല. എല്ലാ സംസ്ഥാനങ്ങൾക്കും ഇത് പ്രശ്നം ഉണ്ടെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ഖാർഗക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തും. നാളെ വൈകിട്ട് ജില്ലാതലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കും. ഗാന്ധിജിയുടെയും അംബേദ്കർ പ്രതിമകളുടെയും മുന്നിൽ പ്രതിഷേധിക്കുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.









