തൃശൂരിലെ വോട്ടുകൊള്ളയിൽ സുരേഷ് ഗോപിക്കും ബിജെപിക്കും ഉത്തരം പറയാനുള്ള ബാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൃശൂരിലേത് പുതിയ വിഷയമല്ലെന്നും രാഹുൽഗാന്ധി വിഷയം കൊണ്ടുവന്നപ്പോൾ വീണ്ടും ചർച്ചയായതാണെന്നും അദ്ദേഹം പ്രതികരിച്ചു.സുരേഷ് ഗോപി മറുപടി പറഞ്ഞേ മതിയാവൂ.വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ട്. 50,000 ത്തിനും 60,000 ത്തിനും ഇടയിൽ വോട്ടുണ്ട് എന്നാണ് ഞങ്ങളുടെ കണക്ക്.
രാജ്യത്ത് ഉടനീളം ബിജെപി പ്രതിക്കൂട്ടിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കണം. ആരോപണം ശരിയല്ല എന്ന് ബോധ്യമുണ്ടെങ്കിൽ അത് തെറ്റാണെന്ന് പറയാനുള്ള അവകാശം സുരേഷ് ഗോപിക്ക് ഉണ്ടല്ലോ. അദ്ദേഹത്തിന് പ്രതിരോധിക്കാൻ ഒന്നുമില്ല. അതുകൊണ്ടാണ് മാധ്യമങ്ങളോട് സംസാരിക്കാത്തത്. എല്ലാ സഹായവും ഉദ്യോഗസ്ഥ തലത്തിലാണ് ലഭിച്ചതെന്നും സതീശൻ പറഞ്ഞു.
കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് അടക്കമുള്ള നിരവധി സംസ്ഥാനങ്ങളിൽ ബിജെപി തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ കൃത്രിമം നടത്തി. ഇത് രാഹുൽ ഗാന്ധി വോട്ടർ പട്ടിക ക്രമക്കേടിന് കുറിച്ച് പറഞ്ഞത് മുതൽ ഉണ്ടായി വന്ന വാർത്തയല്ല. അന്ന് തന്നെ തൃശൂർ ഡിസിസി പ്രസിഡന്റും എൽഡിഎഫ് സ്ഥാനാർഥി സുനിൽ കുമാറും ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
വോട്ടർ പട്ടികയിൽ പേര് വന്നു കഴിഞ്ഞാൽ വോട്ട് ചെയ്യാൻ അനുവദിക്കുകയല്ലാതെ വേറെ വഴിയില്ല എന്നാണ് അന്ന് കളക്ടർക്ക് പരാതി നൽകിയപ്പോൾ പറഞ്ഞതെന്നും സതീശൻ കൂട്ടിച്ചേർത്തു. രാഹുൽ ഗാന്ധി ഈ വിഷയം പുറത്തു കൊണ്ട് വന്നപ്പോൾ രാജ്യം മുഴുവൻ ചർച്ചയായപ്പോൾ തൃശൂരിലെ വിഷയവും വന്നു. തീർച്ചയായിട്ടും അവിടെ വിജയിച്ച എംപി എന്ന നിലക്ക് സുരേഷ് ഗോപിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും അതിനകത്ത് ഉത്തരം പറയാനുള്ള പൂർണ ബാധ്യതയുണ്ട്. സതീശൻ പറഞ്ഞു.