Headlines

‘നമ്മുടെയെല്ലാം പൂർവികർ ഒന്ന്’; ഹിന്ദുരാഷ്ട്രത്തെ ഭയപ്പെടേണ്ടതില്ലെന്ന് ബാബാ രാംദേവ്

 

ന്യൂഡൽഹി ∙ ഹിന്ദുരാഷ്ട്രം എന്ന ആശയത്തെ ആരും ഭയപ്പെടേണ്ടതില്ലെന്നും ഇന്ത്യയിൽ മറ്റു മതസ്ഥർക്ക് യാതൊരുവിധ ഭീഷണിയുമില്ലെന്നും യോഗ ഗുരു ബാബാ രാംദേവ്. നമ്മുടെയെല്ലാം പൂർവികർ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. 2009 ൽ ഉത്തർപ്രദേശിലെ പ്രശസ്തമായ മുസ്‌ലിം സെമിനാരിയായ ദിയോബന്ദ് സന്ദർശിച്ച കാര്യം അനുസ്മരിച്ചായിരുന്നു ബാബാ രാംദേവ് ഇക്കാര്യം പറഞ്ഞത്.

 

‘‘നമ്മുടെ മതങ്ങൾ വ്യത്യസ്തമായിരിക്കാം, പക്ഷേ പൂർവികർ ഒന്നാണ്. ഹിന്ദുരാഷ്ട്രം എന്ന സങ്കൽപ്പത്തെ ആരും ഭയപ്പെടേണ്ടതില്ല. ഹിന്ദുരാഷ്ട്രം സ്ഥാപിതമായാൽ മുസ്‌ലിംകൾ എങ്ങോട്ട് പോകും എന്ന് ചിലർ ചോദിക്കുന്നുണ്ട്. നിങ്ങളുടെ പൂർവികരുടെ പാരമ്പര്യം നിങ്ങൾ നെഞ്ചിലേറ്റുക. നിങ്ങൾക്ക് താടി വളർത്തുകയോ ക്ഷൗരം ചെയ്യുകയോ ചെയ്യാം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. എന്നാൽ പൂർവികരെപ്പോലെയുള്ള സ്വഭാവശുദ്ധി നിലനിർത്തുക. ഹിന്ദുസ്ഥാനിൽ മുസ്‌ലിംകൾക്കോ ക്രിസ്ത്യാനികൾക്കോ യാതൊരു അപകടവുമില്ല’’ – രാംദേവ് പറഞ്ഞു.ബാബാ രാംദേവിന്റെ പ്രസ്താവനക്കെതിരെ രാഷ്ട്രീയ രംഗത്തുനിന്ന് കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. എല്ലാവരും സനാതനികളാണെങ്കിൽ പിന്നെ എന്തിനാണ് ഇത്രയധികം വിഭജനങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് ചോദിച്ചു. ‘‘ഭയപ്പെടേണ്ട സാഹചര്യമില്ല, എന്നാൽ ഹിന്ദുരാഷ്ട്രത്തെക്കുറിച്ച് സംസാരിക്കുന്നവരോടും ബാബ രാംദേവിനോടും ചോദിക്കൂ, അവരുടെ മനസ്സിൽ എന്താണെന്ന് എനിക്ക് എങ്ങനെ പറയാൻ കഴിയും? എല്ലാവരും സനാതനികളാണെങ്കിൽ പിന്നെ എന്തിനാണ് ഇവിടെ ഭിന്നതകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത്? എല്ലാവരെയും സനാതനികളായി അംഗീകരിക്കൂ, എന്തിനാണ് വിഭജനം?’’ – സൽമാൻ ഖുർഷിദ് ചോദിച്ചു.

 

രാജ്യം നേരിടുന്ന യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ് യോഗ ഗുരുവിന്റെ പ്രസ്താവനയെന്ന് സമാജ്‌വാദി പാർട്ടി നേതാവ് ഫക്രുൽ ഹസൻ ചാന്ദ് ആരോപിച്ചു. ഇത്തരം വിവരണങ്ങൾ മുന്നോട്ട് വച്ച് ജനങ്ങളെ വഴിതിരിച്ചുവിടരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന തത്വത്തിൽ അധിഷ്ഠിതമായ രാജ്യമാണെന്ന് എൻസിപി വക്താവ് നസീം സിദ്ദിഖിയും പറഞ്ഞു.