ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസ്; പി എസ് പ്രശാന്തിനും അജികുമാറിനും എസ്‌ഐടി നോട്ടീസ്; അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

 

ശബരിമല സ്വര്‍ണപ്പാളി കൈമാറ്റ കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്തിനും മുന്‍ ബോര്‍ഡ് അംഗം അജികുമാറിനും എസ്‌ഐടി നോട്ടീസ്. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം. മുന്‍ഭരണസമിതിയുടെ കാലത്ത് ഹൈക്കോടതി അനുമതിയില്ലാതെ സ്വര്‍ണപാളി കടത്തിയതിലാണ് അന്വേഷണം. (Sabarimala gold case)

 

 

കേസില്‍ എത്രയും പെട്ടന്ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്‌ഐടി നീക്കം. 2025ല്‍ മുന്‍പത്തേതിന് സമാനമായിത്തന്നെ ശബരിമലയില്‍ നിന്ന് സ്വര്‍ണപ്പാളികള്‍ ഇളക്കിക്കൊണ്ടുപോകാനുള്ള നീക്കം നടത്തിയെന്ന് കണ്ടെത്തിയിരുന്നു ഈ നീക്കം ഹൈക്കോടതി അറിവോടെയല്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പിഎസ് പ്രശാന്ത് അടക്കമുള്ള ആളുകളിലേക്ക് ചോദ്യം ചെയ്യല്‍ നീളുന്നത്. അതിനിടെ, ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പുതിയ സാമ്പിളുകള്‍ ശേഖരിക്കാന്‍ എസ്‌ഐടി നാളെ ശബരിമലയിലെത്തും.അതേസമയം, ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡറായി സ്മാര്‍ട്ട് ക്രിയേഷന്‍സ് മുന്‍ അഭിഭാഷകന്‍ കെബി പ്രദീപിനെ നിയമിച്ച സംഭവത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ ആണ് കേസിലെ പ്രതിയുടെ വക്കീല്‍ തന്നെ ദേവസ്വം അഭിഭാഷകനായി മാറുന്നത്. പ്രത്യേക അന്വേഷണസംഘം ഇനി കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ നിയമപരമായ എല്ലാ സഹായവും ചെയ്തു കൊടുക്കേണ്ടത് പ്രതിയുടെ മുന്‍ അഭിഭാഷകനായ ഈ സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ആണ്. നിയമനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ദേവസ്വം മന്ത്രി കെ മുരളീധരന്‍ അത് പൂര്‍ണ്ണമായും മുഖ്യമന്ത്രി വിഡി സതീശന്റെ മേല്‍നോട്ടത്തില്‍ ആയിരുന്നു എന്ന സൂചനയാണ് നല്‍കിയത്.