പാലക്കാട്: പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ്റെ പ്രസ്താവന തള്ളി പാലക്കാട് ഡിഎംഒ ഡോ. ടി വി റോഷ്. പാലക്കാട് കോളറ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡിഎംഒ പറഞ്ഞു. ഡിഎംഒയുടെ പ്രസ്താവന പുറത്തുവന്നതോടെ തിരുത്തി ആരോഗ്യവകുപ്പും രംഗത്തെത്തി.വെള്ളിയാഴ്ച പാലക്കാട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചുവെന്നായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരൻ അൽപം മുമ്പ് പറഞ്ഞത്. മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മുരളീധരൻ്റെ പ്രതികരണം. ഇതിനെ തള്ളിക്കൊണ്ടാണ് പാലക്കാട് ഡിഎംഒ രംഗത്തെത്തിയത്. പാലക്കാട് ഓങ്ങല്ലൂർ, ലക്കിടി പേരൂർ സ്വദേശികൾക്ക് കോളറ ഉള്ളതായി സംശയമുണ്ടായിരുന്നുവെന്നും പരിശോധനയിൽ ഇരുവർക്കും കോളറ ഇല്ലെന്ന് സ്ഥിരീകരിച്ചുവെന്നായിരുന്നു ഡിഎംഒ പറഞ്ഞത്. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇരുവരും ചികിത്സയിൽ ഉണ്ടായിരുന്നത്.
ഡിഎംഒയുടെ പ്രസ്താവന വന്നതിൻ്റെ തൊട്ടുപിന്നാലെയായിരുന്നു ആരോഗ്യവകുപ്പിൻ്റെ പ്രതികരണം വന്നത്. രണ്ട് പേർക്ക് കോളറ ലക്ഷണം മാത്രമാണെന്നും മൈക്രോബയോളജി ലാമ്പിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.






