Headlines

‘കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നത്തിൽ ഘടകകക്ഷികൾക്ക് എന്താണ് കാര്യം; വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണം’, സുകുമാരൻ നായർ

 

മുഖ്യമന്ത്രി ആരാണെന്നതിൽ ഘടകകക്ഷികൾ ആവശ്യമില്ലാതെ ഇടപെട്ടതാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ തടസ്സം ഉണ്ടാക്കിയതെന്ന് എൻ എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. മുഖ്യമന്ത്രി സ്ഥാനം കോൺഗ്രസിനാണെന്ന് നേരത്തെ തന്നെ അറിയാവുന്ന കാര്യമാണ്. കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നമാണ് മുഖ്യമന്ത്രി പ്രഖ്യാപനം .കോൺഗ്രസിന്റെ ആഭ്യന്തര പ്രശ്നത്തിൽ ഘടകകക്ഷികൾക്ക് എന്താണ് കാര്യമെന്നും അദ്ദേഹം വിമർശിച്ചു. അടക്കമുള്ളവരെയാണ് സുകുമാരൻ നായർ വിമർശിച്ചത്.

 

 

ആര് വന്നാലും സ്വീകരിക്കണം അതാണ് മര്യാദ. അതിന്റെ പേരാണ് ജനാധിപത്യം. ഹൈക്കമാൻഡ് ചോദിക്കുന്നതിനു മുൻപ് തന്നെ ഘടകകക്ഷികൾ സമ്മർദം ചെലുത്തി. അവരുടെ ഇടപെടൽ ജനാധിപത്യത്തിന് ചേർന്നതല്ല. എല്ലാം അവരുടെ അധീനതയിൽ ആകണം എന്ന് വിചാരിക്കുന്നു. ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് നടത്തിയാൽ 30 സീറ്റ് കോൺഗ്രസിന് കാണില്ലെന്നും സുകുമാരൻ നായർ പറഞ്ഞു.

 

ജനങ്ങൾ രാഷ്ട്രീയം മറന്ന് പൊറുതിമുട്ടി നിൽക്കുകയാണ്. ഇവിടെ ഒരു ഭരണം ഉണ്ടോ? സ്കൂൾ തുറക്കാറായി ഇതൊക്കെ നോക്കാൻ ആരേലും ഉണ്ടോ. എൻഎസ്എസ് സമദൂരം പാലിച്ചാണ് നിൽക്കുന്നത്. കോൺഗ്രസിൻ്റെ ആഭ്യന്തര കാര്യത്തിൽ എൻഎസ്എസ് ഇടപെടില്ല. ലീഗ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ നിലപാടിനെ ആണ് പറഞ്ഞത്.വിദ്യാഭ്യാസ വകുപ്പ് ജനകീയമാകണമെങ്കിൽ കോൺഗ്രസ് ഏറ്റെടുക്കണം, എല്ലാ വിഭാഗത്തെയും ഒന്നിച്ച് കൊണ്ടുപോകാൻ വിദ്യാഭ്യാസം കോൺഗ്രസ് ഏറ്റെടുക്കണം. അത് മുൻപും പറഞ്ഞിട്ടുള്ളതാണ്. ഒരു കൂട്ടർ മാത്രം ഒരു വകുപ്പ് കൈവശം വെക്കുന്നത് ശരിയല്ല.

 

മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഇങ്ങനെ ഒരു കാലതാമസം ഉണ്ടാകുന്നത് ശരിയല്ല. ആരുടെയും പേരിനോട് തനിക്ക് പ്രത്യേക താൽപര്യം ഇല്ല. ചെന്നിത്തലയോട് ഉള്ളത് സൗഹൃദമാണെന്നും സുകുമാരൻ നായർ പ്രതികരിച്ചു.