ബഹിരാകാശ നിലയം വീഴ്ത്തുമെന്ന് റഷ്യ; അമേരിക്ക സമ്മര്‍ദത്തില്‍

 

യുക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം 17 ദിവസം പിന്നിടുമ്പോഴും ശക്തമായി തുടരുകയാണ്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ ഉള്‍പ്പെടെ ഇപ്പോഴും വെടിയൊച്ചകള്‍ക്ക് ശമനമില്ല. റഷ്യയുടെ യുദ്ധക്കൊതിക്ക് എതിരെ അന്താരാഷ്ട്ര സമൂഹം ശക്തമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും അതൊന്നും ഫലം കാണുന്നില്ലെന്നതാണ് വാസ്തവം. റഷ്യയുടെ മേല്‍ കടുത്ത ഉപരോധം അടിച്ചേല്‍പ്പിച്ചാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ലോകരാഷ്ട്രങ്ങള്‍ അവരെ വരിഞ്ഞുമുറുക്കാന്‍ ശ്രമം നടത്തുന്നത്. യുഎസും യൂറോപ്യന്‍ യൂണിയനും മറ്റ് ജി 7 രാജ്യങ്ങളും വെള്ളിയാഴ്ച റഷ്യയ്‌ക്കെതിരായ സാമ്പത്തിക ഉപരോധം ശക്തമാക്കാന്‍ തീരുമാനിച്ചു. ഇതോടെ വരാനിരിക്കുന്ന പ്രതിസന്ധി മുന്നില്‍ കണ്ട് പുതിയ അടവുമായി രംഗത്ത് എത്തുകയാണ് റഷ്യ.

അന്താരാഷ്ട്ര ബഹിരാകാശ നിലയം വീഴാന്‍ സാധ്യതയുണ്ടെന്നാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ തലവന്‍ ഇന്ന് ഭീഷണി മുഴക്കിയത്. ഉപരോധം ശക്തിപ്പെടുത്തിയാല്‍ ബഹിരാകാശ നിലയത്തിനുള്ള പിന്തുണ റഷ്യ പിന്‍വലിക്കുമെന്നാണ് ഭീഷണി. അതോടെ നിലയം താഴെ വീഴുന്ന സ്ഥിതിയുണ്ടാകും.