കൊഴിഞ്ഞുപോക്കു തടയാന്‍ മുത്തങ്ങ എല്‍.പി സ്‌കൂളില്‍ മീന്‍ പിടിത്തം പാഠ്യപദ്ധതിയുടെ ഭാഗമാക്കി 

 

കല്‍പറ്റ-ബത്തേരി വിദ്യാഭ്യാസ ഉപജില്ലയിലെ മുത്തങ്ങ ഗവ.എല്‍.പി സ്‌കൂളില്‍ മീന്‍ പിടിത്തവും പാഠ്യ പദ്ധതിയുടെ ഭാഗം. വിദ്യാലയത്തില്‍നിന്നു ആദിവാസി കുട്ടികള്‍ കൊഴിഞ്ഞുപോകുന്നതു തടയുന്നതിനാണ് മീന്‍പിടിത്തം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. പുഴയില്‍ ചൂണ്ടയെറിഞ്ഞും കുട്ടപിടിച്ചും മീന്‍ പിടിക്കാന്‍ കുട്ടികള്‍ക്കു അവസരമായതോടെ വിദ്യാലയത്തില്‍ കൊഴിഞ്ഞുപോക്കിനും താത്കാലിക വിരാമമായി.

കുട്ടികളില്‍ കുറേ പേര്‍ വിദ്യാലയത്തില്‍ എത്താതായപ്പോള്‍ അധ്യാപകര്‍ കൊഴിഞ്ഞുപോക്കിന്റെ കാരണം തേടി. അപ്പോഴാണ് കുട്ടികളില്‍ പലരും പുഴയില്‍ മീന്‍ പിടിച്ചും കമുകുള്ള തോട്ടങ്ങൡ അടയ്ക്ക പെറുക്കിയും നേരം പോക്കുകയാണെന്നു മനസിലായത്. ഇക്കാര്യം അധ്യാപകര്‍ വയനാട് ഡയറ്റിലെ ലക്ചറര്‍മാരായ ഡോ.അഭിലാഷ് ബാബു, സതീഷ് ചന്ദ്രന്‍ എന്നിവരുമായി പങ്കുവെച്ചു. ഇതാണ് വിദ്യാലയത്തില്‍ മീന്‍പിടിത്തവും പാഠ്യപദ്ധതിയുടെ ഭാഗമാകുന്നതിനു ഇടയാക്കിയത്. കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കുന്നതിനു ചൂണ്ട എന്ന പേരിലാണ് പദ്ധതി തയാറാക്കിയത്. ക്ലാസ് സമയം അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ പുഴയിലെത്തി പരമ്പരാഗത രീതിയില്‍ മീന്‍ പിടിക്കുന്നതാണ് പദ്ധതി. എസ്.സി.ഇ.ആര്‍.ടി.യുടെയും വയനാട് ഡയറ്റിന്റെയും പിന്തുണയോടെയാണ് ഇത് പ്രാവര്‍ത്തികമാക്കിയത് .ഗോത്രജീവിതവുമായി ബന്ധപ്പെടുത്തിയ പാഠ്യപദ്ധതി വിദ്യാര്‍ഥികള്‍ക്കു പ്രിയമുള്ളതായി മാറിയെന്നു സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സൈനബ ചേനക്കല്‍ പറഞ്ഞു.