തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ആദ്യഘട്ടം നേരത്തെ തീര്‍ക്കാനാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു ഖേല്‍ക്കര്‍ ട്വന്റിഫോറിനോട്. എന്യൂമറേഷന്‍ ഫോമിലൂടെയുള്ള വിവരശേഖരണം ഈ മാസം 25ന് പൂര്‍ത്തിയാക്കാനാകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
ആദ്യഘട്ടം പൂര്‍ത്തീകരിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരിക്കുന്ന അവസാന തിയതി ഡിസംബര്‍ നാല് ആണ്. നവംബര്‍ 25നകം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നുള്ളതാണ് വിശ്വാസം. ഓണ്‍ലൈന്‍ ഫോം വിദേശത്തുള്ളവരടക്കം ഉപയോഗിക്കാന്‍ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണം കൂടി നടത്തിയിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.
വളരെ കൃത്യമായിട്ട് തന്നെ മുന്നോട്ടു പോകാന്‍ സാധിക്കുന്നുണ്ട്. പ്ലാന്‍ അനുസരിച്ചിട്ട് തന്നെയാണ് കാര്യങ്ങള്‍ നടക്കുന്നത്. നമ്മുടെ ബൂത്ത് ലെവല്‍ ഓഫീസേഴ്‌സ് വളരെ കൃത്യമായിട്ട് തന്നെ ഫോം വിതരണവും ജനങ്ങളുടെ ഇടയില്‍ ഇതിനെ കുറിച്ച് അറിവ് നല്‍കാനും ശ്രമിക്കുന്നു – അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് സംശയങ്ങള്‍ ഉണ്ടെങ്കില്‍ അത് വളരെ കൃത്യമായിട്ട് തന്നെ തീര്‍ത്തുകൊടുക്കാന്‍ സാധിച്ചിട്ടുണ്ട്. നമ്മുടെ സ്ട്രാറ്റജി വളരെ വ്യക്തമാണ്. നമ്മുടെ നിര്‍ദ്ദേശങ്ങള്‍ വളരെ വ്യക്തമാണ്. രണ്ട് കാര്യങ്ങള്‍ കൃത്യമായിട്ട് നടക്കണം. എസ്‌ഐആര്‍ നടക്കണം. തദ്ദേശ തിരഞ്ഞെടുപ്പ് കൃത്യമായി നടക്കണം. അങ്ങനെ തന്നെയാണ് നമ്മള്‍ മുമ്പോട്ട് പോകുന്നത് – അദ്ദേഹം പറഞ്ഞു.






