ആലപ്പുഴയിൽ വൻ ലഹരി വേട്ട; VPN മറയാക്കി ലഹരി കച്ചവടം; മൂന്ന് പേർ പിടിയിൽ

ആലപ്പുഴയിൽ വൻ ലഹരി വേട്ട. എക്സൈസിന്റെ കണ്ണുവെട്ടിക്കാൻ VPN മറയാക്കിയായിരുന്നു പ്രതികൾ ലഹരി കച്ചവടം നടത്തിയിരുന്നത്.
ആലപ്പുഴ കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപത്തുനിന്നാണ് മൂന്നു മയക്കുമരുന്ന് കച്ചവടക്കാരെയും പിടികൂടിയത്. ഒരു കിലോഗ്രാമിൽ അധികം ഹാഷിഷ് ഓയിൽ, 334 MDMA ഗുളികകൾ, 2 കിലോ കഞ്ചാവ്, എന്നിവ പ്രതികളിൽ നിന്നും കണ്ടെത്തി.

എക്സൈസിന്റെയും പോലീസിന്റെയും നിരീക്ഷണത്തിൽ നിന്ന് രക്ഷപെടാൻ വി പി എൻ ആപ്പുകൾ ഉപയോഗിച്ചായിരുന്നു ലഹരിക്കച്ചവടത്തിലെ പ്രധാന കണ്ണികൾ കച്ചവടം നടത്തിയിരുന്നത്. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി റിനാസ്,തൃശ്ശൂർ സ്വദേശി അനന്തു,എറണാകുളം സ്വദേശി അപ്പു എന്നിവരാണ് ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുനിന്ന് എക്സൈസിന്റെ പിടിയിലായത്. ലഹരിക്കച്ചവടത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് എക്സൈസ് പറയുന്നു.

പ്രതികളുടെ നമ്പർ ട്രാക്ക് ചെയ്യാതിരിക്കാൻ വി പി എൻ ഉപയോഗത്തിനു പുറമേ ഡ്രോപ് സിസ്റ്റവും പ്രതികൾ ഉപയോഗിച്ചിരുന്നു.ആലപ്പുഴ ജില്ലയിൽ ഇത്ര വലിയ അളവിൽ രാസ ലഹരി ഒരുമിച്ച് പിടികൂടുന്നതും ഇത് ആദ്യമായാണ്. പ്രതികളുടെ കയ്യിൽ നിന്ന് 63,500 രൂപയും അഞ്ചു മൊബൈൽ ഫോണുകളും പിടികൂടിയിട്ടുണ്ട്. ‘പിടിയിലായ പ്രതികൾ ആർക്കൊക്കെയാണ് മയക്കുമരുന്ന് വിതരണം ചെയ്തതെന്ന് അന്വേഷണപരിധിയിൽ എന്നും എക്സൈസ് അറിയിച്ചു.