‘എൻ്റെ സാഹിത്യ ജീവിതത്തിലെ പ്രധാനവഴിത്തിരിവുകൾക്കെല്ലാം കാരണക്കാരൻ അയ്യപ്പണിക്കരായിരുന്നു’: സച്ചിദാനന്ദൻ

തൻ്റെ സാഹിത്യ ജീവിതത്തിലെ പ്രധാനവഴിത്തിരിവുകൾക്കെല്ലാം കാരണക്കാരനായത് അയ്യപ്പണിക്കരായിരുന്നുവെന്ന് കവി കെ.സച്ചിദാനന്ദൻ. എഴുത്തുകാരനെന്ന നിലയിൽ തനിക്ക് ഒട്ടേറെ സഹായങ്ങൾ ചെയ്ത അയ്യപ്പപ്പണിക്കർ അത് ആരോടും വിളിച്ച് പറഞ്ഞിരുന്നില്ല. അത് തന്നോടും പറഞ്ഞിരുന്നില്ല. അയ്യപ്പപ്പണിക്കർ ഫൗണ്ടേഷനും വിസ്മയാസ് മാക്സും ചേർന്ന് സംഘടിപ്പിച്ച 2026 ലെ അയ്യപ്പപ്പണിക്കർ സ്നേഹ സംഗമത്തിൽ സംസാരിക്കുകയായിരുന്നു സച്ചിദാനന്ദൻ. “എൻ്റെ അയ്യപ്പപ്പണിക്കർ” പ്രഭാഷണവിഷയത്തിലായിരുന്നു അദേഹത്തിന്റെ പരാമർശം.

ആദ്യമായി ഭോപ്പാലിലെ ഭാരത് ഭവനിൽ പരിചയപ്പെടുത്തി. പിന്നീട് കേന്ദ്രസാഹിത്യ അക്കാദമിയുടെ മുഖമാസികയായ ‘ഇന്ത്യൻ ലിറ്ററേച്ചറി’ൻ്റെ എഡിറ്റർ സ്ഥാനം ഏറ്റെടുക്കാൻ പേരിപ്പിക്കുകയും അതിനു വേണ്ട വഴിയൊരുക്കുകയും ചെയ്തു. അതുകൊണ്ടാണ് തനിക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറി സ്ഥാനത്ത് എത്താൻ സാധിച്ചത്. അത് ഒരു എഴുത്തുകാരനെന്ന നിലയിൽ ഇന്ത്യയ്ക്കകത്തും പുറത്തും അറിയപ്പെടാൻ തനിക്ക് അവസരമൊരുക്കിത്തന്നുവെന്ന് സച്ചിദാനന്ദൻ പറഞ്ഞു.

80 വയസ്സ് പൂർത്തിയായ സച്ചിദാനന്ദനെ അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ്റെ പ്രസിഡൻ്റ് ടി. പി . ശ്രീനിവാസൻ ഉപഹാരം നൽകി ആദരിച്ചു. എല്ലാ അർത്ഥത്തിലും അയ്യപ്പണിക്കരുടെ പിൻഗാമിയാണ് സച്ചിദാനന്ദൻ എന്ന് ടി.പി. ശ്രീനിവാസൻ പറഞ്ഞു. ‘സച്ചിദാനന്ദൻ്റെ കാവ്യലോകം’ എന്ന വിഷയത്തിൽ ഡോ. ടി.കെ. സന്തോഷ്കുമാർ പ്രഭാഷണം നടത്തി. ലോകസാഹിത്യത്തിൽ മലയാളഭാഷയുടെയും സഹിത്യത്തിൻ്റെയും അംബാസഡറാണ് സച്ചിദാന്ദൻ എന്ന് സന്തോഷ് കുമാർ പറഞ്ഞു. ഫൗണ്ടേഷൻ സെക്രട്ടറി പ്രിയദാസ് ജി. മംഗലത്ത്, കവി ശാന്തൻ, സാബു കോട്ടുക്കൽ, സി. ഉദയകല, പി. എസ്. അമൽ എന്നിവർ സംസാരിച്ചു. കവിയരങ്ങ് സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. അയ്യപ്പപ്പണിക്കർക്കവിതകളുടെ ‘റീൽ മത്സര’ത്തിൽ വിജയികളായവർക്ക് സമ്മാനം നൽകി. തിരഞ്ഞെടുത്ത റീലുകളുടെ പ്രദർശനവും സച്ചിദാനന്ദൻ്റെ ‘നാവുമരം’ എന്ന കവിതയുടെ ദൃശ്യാവിഷ്കാരവും ഉണ്ടായിരുന്നു.