ഗസയിൽ സമാധാന കരാർ ഒപ്പുവെക്കുന്ന ചടങ്ങിൽ ഹമാസ് പങ്കെടുക്കില്ലെന്ന് സൂചന.
ഈജിപ്തിൽ നടക്കുന്ന ചടങ്ങിൽ നിന്ന് ഹമാസ് വിട്ടു നിൽക്കുമെന്ന് പൊളിറ്റിക്കൽ ബ്യൂറോ അംഗം ഹൊസാം ബദ്രാൻ പറഞ്ഞു.വാർത്താ ഏജൻസിയായ എഎഫ്‌പിക്ക് നൽകിയ അഭിമുഖത്തിലാണ് ബദ്രാൻ നിലപാട് വ്യക്തമാക്കിയത്.
അതേസമയം ഗസയിൽ നിയന്ത്രണം പുനഃസ്ഥാപിക്കാൻ ഹമാസ് നീക്കം. 7,000 സായുധ സേനാംഗങ്ങളെ ഹമാസ് തിരിച്ചുവിളിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിൽ സൈനിക പശ്ചാത്തലമുള്ള അഞ്ച് പുതിയ ഗവർണർമാരെയും ഹമാസ് നിയമിച്ചു. ഗസയിലെ പുതിയ ഹമാസ് ചിത്രങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു. യുദ്ധം അവസാനിച്ചാൽ ഗസ ആരാണ് ഭരിക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഹമാസിന്റെ നീക്കം.
അതിനിടെ, വെടിനിർത്തൽ കരാർ നിലവിൽ വന്നെങ്കിലും ബന്ദികളുടെ മോചനത്തിലും അവ്യക്തത തുടരുന്നു. ഹമാസ് ആവശ്യപ്പെട്ട മർവാൻ ബർഗൗട്ടിയെ മോചിപ്പിക്കാനാവില്ലെന്ന് ഇസ്രായേൽ അറിയിച്ചു.
ബർഗൗട്ടി ഭീകരവാദ നേതാവാണെന്നാണ് ഇസ്രയേൽ പറയുന്നത്.
നാളെയും മറ്റെന്നാളുമായി ബന്ദികൈമാറ്റം പൂർത്തിയാക്കണമെന്ന് അമേരിക്കൻ നിർദേശം.
സ്ഥിതിഗതികൾ നിരീക്ഷിക്കാൻ 200 യുഎസ് സൈനികരെ ഇസ്രയേലിൽ വിന്യസിച്ചിട്ടുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. കരാറിന്റെ ഉറപ്പിൽ പതിനായിരക്കണക്കിനാളുകൾ ഗസയിലേക്ക് തിരിച്ചെത്തുകയാണ്.അതേസമയം, ഗസയിൽ വിദേശ ഇടപെടൽ അംഗീകരിക്കില്ലെന്ന് പലസ്തീൻ ഇസ്ലാമിക് ജിഹാദ്, പോപ്പുലർ ഫ്രണ്ട് ഫോർ ദി ലിബറേഷൻ ഓഫ് പലസ്തീൻ എന്നീ സംഘടനകൾ വ്യക്തമാക്കി.