നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ന്യൂനപക്ഷങ്ങളെയും-ഹിന്ദു ഭൂരിപക്ഷത്തെയും ഒപ്പം നിര്‍ത്താനുള്ള തീവ്രശ്രമത്തില്‍ സര്‍ക്കാര്‍. ശബരിമല യുവതി പ്രവേശനത്തില്‍ കൈപൊള്ളിയ സര്‍ക്കാര്‍ ആഗോള അയ്യപ്പ സംഗമം വഴി വിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ ഉള്ള നീക്കം ആണ് നടത്തുന്നത്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് സംഗമങ്ങളിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
ആഗോള അയ്യപ്പ സംഗമത്തിന് ഭൂരിപക്ഷം ഹിന്ദു സംഘടനകളും എതിരല്ല. പ്രബല സമുദായ സംഘടനകളായ എസ്എന്‍ഡിപിയും എന്‍എസ്എസും പിന്തുണ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അയ്യപ്പ സംഗമത്തിലൂടെ ആചാര സംരക്ഷണത്തിന് എല്‍ഡിഎഫ് എതിരെല്ലെന്ന സന്ദേശവും മുന്നോട്ടുവയ്ക്കുന്നു. ഇതിനൊപ്പം ആണ് ന്യൂനപക്ഷ സംഗമവും നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം.
അയ്യപ്പ സംഗമം കഴിയുന്ന മുറയ്ക്ക് ന്യൂനപക്ഷ സംഗമം കൂടി സര്‍ക്കാര്‍ സംഘടിപ്പിക്കും. അയ്യപ്പ- ന്യൂനപക്ഷ സംഗമങ്ങള്‍ വഴി വിശ്വാസികളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന ഉറപ്പാണ് സംഗമങ്ങളുടെ ഉദ്ദേശം. അയ്യപ്പ ന്യൂനപക്ഷ സംഗമങ്ങള്‍ ദേശീയ ശ്രദ്ധ നേടുന്ന തരത്തില്‍ സംഘടിപ്പിക്കാന്‍ ആണ് സര്‍ക്കാര്‍ നീക്കം. ഇതിനെതിരായ പ്രതിപക്ഷ വിമര്‍ശനങ്ങളെ അതേ മാര്‍ഗത്തില്‍ തള്ളിക്കളയാനും സര്‍ക്കാര്‍ ശ്രമിക്കുന്നു.