NSS ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും. ഒന്നുകിൽ അവിടെ ഇരിക്കുന്നവർ ശുദ്ധീകരിക്കും, അല്ലെങ്കിൽ സ്വയം ശുദ്ധീകരീക്കുമെന്നും സുരേഷ് ഗോപി. പെരുന്നയിലെ പ്രശ്നങ്ങൾക്ക് ബദൽ മാർഗം കണ്ടെത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഡൽഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനവും മന്നത്തിന്റെ പ്രതിമയുടെ അനാച്ഛാദനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
‘പെരുന്നയിൽ നടപടിക്രമങ്ങൾ ശക്തമായി മുന്നോട്ടുപോകും. നമ്മുക്കതിൽ ദുഃഖമുണ്ടോ? അതിന് ബദൽ മാർഗങ്ങൾ കണ്ടെത്തണം. പെരുന്നയിലേത് മന്നത്തിന്റെ പേരിൽ സ്ഥാപിക്കപ്പെട്ട മഹത്തായ സ്ഥാപനം. അത് നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ കാലം പ്രവർത്തിക്കും. ശുദ്ധീകരണം നടക്കും. തിരഞ്ഞെടുപ്പിന് ശേഷം വലിയ ശുദ്ധി നടന്നില്ലേ. മാറ്റം വരട്ടെ. മറ്റ് ചില ഉദ്ദേശങ്ങളുമായി അത് തകർക്കാൻ ഇറങ്ങണ്ട’ സുരേഷ് ഗോപി പറഞ്ഞു.പെരുന്നയിലെ മന്നം സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നത് നിഷേധിക്കുന്ന സാഹചര്യത്തോടായിരുന്നു അദേഹത്തിന്റെ പ്രതികരണം. പെരുന്നയിലെ പ്രശ്‌നങ്ങൾക്കുള്ള ബദൽ മാർഗമാണ് ഡൽഹിയിൽ നിർമ്മിച്ചിരിക്കുന്ന മന്നം സ്മൃതി മണ്ഡപമെന്ന് സുരേഷ് ഗോപി പറഞ്ഞു.








