ഇന്ത്യൻ വാഹന വിപണിയിൽ ഒരു വമ്പൻ തിരിച്ചുവരവായിരുന്നു ടാറ്റയുടെ സിയറ നടത്തിയത്. അത് ഉപഭോക്താക്കൾക്ക് മാത്രമല്ല ഇപ്പോൾ ടാറ്റയ്ക്ക് തന്നെ വലിയ സന്തോഷം നൽകുന്ന ഒന്നായി മാറിയിരിക്കുകയാണ്. വിപണിയിൽ സിയറ എത്തിയതോടെ മിഡ്-സൈസ് എസ്യുവി വിഭാഗത്തിലെ ടാറ്റയുടെ വളർച്ച മൂന്നിരട്ടിയായി വർധിച്ചിരിക്കുകയാണ്.
2026 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ സിയറയും കർവും ചേർന്ന് 28,129 യൂണിറ്റുകളുടെ സംയുക്ത വിൽപനയാണ് നടത്തിയത്. കഴിഞ്ഞ കാലയളവിൽ 10355 യുണിറ്റ് വിൽപന മാത്രമായിരുന്നു ഈ വിഭാഗത്തിൽ ടാറ്റ നടത്തിയത്. സിയറയുടെ വരവോടെ 172 ശതമാനം വളർച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. ഈ പാദത്തിൽ ടാറ്റയുടെ മൊത്തം പാസഞ്ചർ വാഹന വിൽപ്പനയുടെ 14 ശതമാനത്തിലധികം ഈ വിഭാഗത്തിന്റേതായിരുന്നു.
നെക്സണിനും പഞ്ചിനും പിന്നിൽ ബ്രാൻഡിന്റെ മൂന്നാമത്തെ ബെസ്റ്റ് സെല്ലറായിരുന്നു സിയറ. ബുക്കിംഗുകൾ ഇതിനകം ഒരു ലക്ഷം കടന്നിട്ടുണ്ട്, 2026 മാർച്ചോടെ ഏകദേശം 14,000 യൂണിറ്റുകൾ ഉപഭോക്താക്കൾക്ക് കൈമാറി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിൽപ്പനയിൽ കോംപാക്റ്റ് എസ്യുവിയിൽ നെക്സോണും പ്ചു മുൻപന്തിയിൽ തന്നെയായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. വർഷം അവസാനത്തോടെ 4,00,034 യൂണിറ്റുകൾ കോംപാക്റ്റ് എസ്യുവി സെഗ്മെന്റ് വിഹിതത്തിന്റെ 31 ശതമാനം നേടി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 1,63,088 യൂണിറ്റുകൾ വിറ്റഴിച്ച നെക്സോൺ 2,16,054 യൂണിറ്റുകൾ കൂടി കൂട്ടിച്ചേർത്തു. അതേസമയം, പഞ്ച് 2026 സാമ്പത്തിക വർഷം അവസാനിച്ചത് 1,83,980 യൂണിറ്റുകളോടെയാണ്.
കോംപാക്റ്റ് എസ്യുവി സെഗ്മെന്റിന് പുറമേ, ഹാരിയർ, സഫാരി ഇരട്ടകൾ 2026 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ 15,188 യൂണിറ്റുകൾ കൂട്ടിച്ചേർത്തു. ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവ ഉൾപ്പെടുന്ന ഹാച്ച്ബാക്ക് സീരീസ് ഇതേ പാദത്തിൽ 33,839 യൂണിറ്റുകൾ സംഭാവന ചെയ്തു. 2026 സാമ്പത്തിക വർഷത്തെ നാലാം പാദത്തിൽ ടാറ്റ മൊത്തം പാസഞ്ചർ വാഹന വിൽപ്പന 2,01,368 യൂണിറ്റുകളായി രേഖപ്പെടുത്തി. മൊത്തം വാർഷിക വിൽപ്പനയിൽ 37 ശതമാനം വർധനവാണ് ഉണ്ടായത്.








