Headlines

‘രാഹുൽ കോൺഗ്രസ് പാർട്ടിയുടെ ഭാഗമല്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ’; ഷാഫി പറമ്പിൽ

താനുമായുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ സൗഹൃദം രാഷ്ട്രീയ നടപടിയിൽ തടസ്സമായിട്ടില്ലെന്ന് ഷാഫി പറമ്പിൽ എംപി. പാർട്ടി പുറത്താക്കിയ ആൾ രാജിവയ്ക്കണമെന്ന് പറയുന്നില്ല. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ വടകരയിലെ ഫ്ലാറ്റ് ആരോപണത്തിൽ താനെന്തിന് മറുപടി പറയണമെന്നും ഷാഫി പറമ്പിൽ ചോദിച്ചു. തന്റെ പേര് ഒരു സ്റ്റേറ്റ്മെന്റിലും ഇല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.”നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. നീതി ലഭിക്കേണ്ടവര്‍ക്ക് ലഭിക്കട്ടെ.രാഹുല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാഗമല്ല. ആരോപണം വന്നപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ നടപടി എടുത്തതാണ്. എല്ലാത്തിനുമുള്ള മറുപടി മുതിര്‍ന്ന നേതാക്കള്‍ നല്‍കിയിട്ടുണ്ട്. ഉപദേശിക്കാന്‍ വരുന്നവര്‍ സ്വന്തം പാര്‍ട്ടിയിലേക്ക് നോക്കണം. അവരുടെ ഉപദേശം ഇത്തരം കാര്യങ്ങളില്‍ വേണ്ട”.- ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം മൂന്നാമത്തെ ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കായുള്ള എസ്ഐടിയുടെ കസ്റ്റഡി അപേക്ഷ കോടതി നാളെ പരിഗണിക്കും. രാഹുലിനെ ഹാജരാക്കാൻ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. പൊലീസ് റിപ്പോർട്ട് കിട്ടിയതിന് ശേഷം രാഹുലിന്റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കും.

മൂന്നാം ബലാൽസംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലുമായി സമഗ്രമായ തെളിവെടുപ്പ് നടത്താൻ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ശാസ്ത്രീയ – സാഹചര്യ തെളിവുകൾ അടക്കം ശേഖരിക്കേണ്ടത് ഉണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷ പരിഗണിക്കാൻ കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ നാളെ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കണം. ജാമ്യം നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളി.

അതിനിടെ രാഹുലിന് കുരുക്കായി കൂടുതൽ തെളിവുകൾ പുറത്തുവന്നു. അതിജീവതയെ ടെലഗ്രാമിലൂടെ ഭീഷണിപ്പെടുത്തുന്ന സന്ദേശമാണ് പുറത്തുവന്നത്. പരാതിക്കാരിയായ അതിജീവിത നാട്ടിലെത്തിയാൽ കാണിച്ചു തരാം എന്ന് രാഹുൽ ഭീഷണിപ്പെടുത്തി. അതിജീവിതയോട് വാർത്താ സമ്മേളനം നടത്താനും രാഹുൽ വെല്ലുവിളിച്ചു. പരമാവധി തെളിവുകൾ ശേഖരിച്ച് മുന്നോട്ടു പോകാൻ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.