ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം കത്തുന്നു, മരണം 500 കടന്നു; സൈനികാക്രമണത്തിന് യുഎസ് ആലോചന

ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ മരണം 500 കടന്നു. വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടണമെന്ന് മുൻ കിരീടാവകാശി റെസ പഹ്‌ലവി ആവശ്യപ്പെട്ടു. ഇറാനിലെ സാഹചര്യങ്ങളിൽ ഇടപെടുന്നതിനായി സൈനികാക്രമണം ഉൾപ്പെടെയുള്ള വഴികൾ ട്രംപ് പരിശോധിക്കുന്നു.പ്രതിഷേധത്തിൽ 490 പ്രതിഷേധക്കാരും 48 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ 538 പേർ കൊല്ലപ്പെട്ടുവെന്നണ് റിപ്പോർട്ട്. പ്രതിഷേധക്കാർക്കെതിരെ ഇറാനിയൻ അധികൃതർ നടപടികൾ ശക്തമാക്കി. രാജ്യത്തെ ഉയർന്ന വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും മറുപടിയായി ഡിസംബർ 28 നാണ് ഇറാനിൽ പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധതക്കാർക്കെതിരായ ഇറാന്റെ നടപടിയിൽ ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെയാണ് സൈനിക നടപടി ആലോചനയിലുണ്ടെന്ന് ട്രംപ് വ്യക്തമാക്കുന്നത്.

“ഇറാനിൽ‌ പരിധികൾ ലംഘിച്ചു. കൊല്ലപ്പെടാൻ പാടില്ലാത്ത ചില ആളുകൾ കൊല്ലപ്പെട്ടു. പക്ഷേ ഞങ്ങളും സൈന്യവും ഇത് വളരെ ഗൗരവമായി കാണുന്നു, കൂടാതെ വളരെ ശക്തമായ ചില നടപടികൾ‌ ഞങ്ങൾ ആലോചിക്കുന്നുണ്ട്”‌ ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കയും ഇസ്രയേലും ഇറാനിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ ആരോപിച്ചിരുന്നു. പ്രതിഷേധക്കാരെ പിന്തുണച്ചാല്‍ യുഎസ് സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.