സർക്കാർ നിർദ്ദേശിച്ച പേരുകളെ എതിർത്ത് രാഹുൽ ഗാന്ധി, മുഖ്യ വിവരവകാശ കമ്മീഷണറുടെ നിയമനത്തിൽ വിയോജന കുറിപ്പ് നല്കി

ദില്ലി : രാജ്യത്തെ സുപ്രധാന ഭരണഘടനാ ചുമതലകളായ മുഖ്യ വിവരവകാശ കമ്മീഷണർ, വിവരവകാശ കമ്മീഷണർമാർ, കേന്ദ്ര വിജിലൻസ് കമ്മീഷണർ എന്നിവരുടെ നിയമനം സംബന്ധിച്ച് ഇന്ന് ചേർന്ന നിർണ്ണായക സമിതി യോഗത്തിൽ കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി വിയോജന കുറിപ്പ് രേഖപ്പെടുത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പെട്ട ഉന്നതതല സമിതിയാണ് നിയമനത്തിന് പരിഗണിക്കേണ്ട പേരുകൾ ചർച്ച ചെയ്തത്.

നിയമനത്തിന് പരിഗണിച്ച സർക്കാർ പട്ടികയിൽ നിരവധി പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ ഗാന്ധി ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയത്. നിയമനത്തിനായി പരിഗണിച്ച പേരുകളുടെ പട്ടികയിൽ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് തീരെ പ്രാതിനിധ്യമില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സാമൂഹ്യ നീതി ഉറപ്പാക്കേണ്ട സുപ്രധാന പദവികളിൽ പിന്നാക്ക വിഭാഗങ്ങൾക്ക് അവസരം നിഷേധിക്കുന്നത് ജനാധിപത്യപരമായ നടപടിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.