ശബരിമല ആഗോള അയ്യപ്പ സംഗമത്തിന് പച്ചക്കൊടി കാട്ടിയ ഹൈക്കോടതി നടപടിയില്‍ പ്രതികരണവുമായി തിരുവിതാം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് പിഎസ് പ്രശാന്ത് പറഞ്ഞു.
ചില സംശയങ്ങള്‍ കോടതി ചോദിച്ചിരുന്നു. ദേവസ്വം ബോര്‍ഡ് കൃത്യമായി മറുപടി നല്‍കി. ശബരിമലയുടെ വികസനം മാത്രമാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. രാഷ്ട്രീയ ലക്ഷ്യമില്ല. മുന്‍വിധിയില്ലാതെ നടത്തുന്ന പരിപാടിയാണ്. ശബരിമലയുടെ മാത്രം വികസനമല്ല അയ്യപ്പ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടേയും വികസനമാണ്. കേരളത്തിന്റെ വികസനമാണ്.
പ്രതിപക്ഷനേതാവ് ഉള്‍പ്പെടെയുള്ള ആളുകള്‍ പങ്കെടുക്കണമെന്നാണ് അഭ്യര്‍ഥന. വേണ്ടിവന്നാല്‍ പ്രതിപക്ഷനേതാവിനെ ഇനിയും ക്ഷണിക്കും – അദ്ദേഹം വ്യക്തമാക്കി.
കര്‍ശന നിര്‍ദേശങ്ങളോടെയാണ് ആഗോള അയ്യപ്പസംഗമത്തിന് കോടതി പച്ചക്കൊടി കാട്ടിയത്. വരവ്-ചിലവ് കണക്കുകളുടെ സുതാര്യത ഉറപ്പാക്കണം. പമ്പയുടെ പരിശുദ്ധി കാത്തു സൂക്ഷിക്കണം. അയ്യപ്പഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ ഹൈക്കോടതി മുന്നോട്ട് വച്ചു. കോടതി ചൂണ്ടിക്കാട്ടിയത് പോലെയാണ് പരിപാടി നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.