‘ശിവ പാർവതിയെ അധിക്ഷേപിച്ച ഉമർ ഫൈസിയാണ് എനിക്കെതിരെ പറയുന്നത്, എന്നെ ഒറ്റപ്പെടുത്താൻ ശ്രമം’: ബഹാവുദ്ദീൻ നദ്‌വി

ഉമർ ഫൈസിയ്ക്ക് എതിരെ ആഞ്ഞടിച്ച് സമസ്‌ത നേതാവ് ബഹാവുദ്ദീൻ നദ്‌വി. ശിവപാർവ്വതിയെ അധിക്ഷേപിച്ച ഉമർ ഫൈസിയാണ് എനിക്കെതിരെ പറയുന്നത്. അത് തള്ളികളയുന്നു. എന്നെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നു. അത് നിർഭയമായി കാണുന്നു

താൻ പുത്തൻ പ്രസ്താനത്തിന്‍റെ സഹചാരിയാണെന്ന് മുശാവറയിൽ ഉമര്‍ ഫൈസി പറഞ്ഞു. താൻ തെളിവ് ഹാജരാക്കാൻ വെല്ലുവിളിച്ചു. എന്നാൽ, മുസ്‌ലിം സംഘടന യോഗത്തിൽ പങ്കെടുത്തു എന്നാണ് അതിന് ഉമർ ഫൈസി ന്യായം പറഞ്ഞത്. കൂടുതൽ പങ്കെടുത്തത് താനാകാം. സമസ്ത നിയോഗിച്ച ആളായത് കൊണ്ടല്ലേ പോകുന്നതെന്നും പറയുന്നത് മതമാണെന്നും ആരെയും പേടിക്കില്ലെന്നും എന്ത് ഉണ്ടായാലും പറയുമെന്നും ബഹാവുദ്ദീൻ നദ്‍വി പറഞ്ഞു.

മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ ”വൈഫ് ഇൻ ചാര്‍ജ്” അധിക്ഷേപ പരാമര്‍ശത്തിൽ അദ്ദേഹം പ്രതികരിച്ചു. തന്‍റെ ‘വൈഫ് ഇൻ ചാര്‍ജ്’ പരാമര്‍ശം സമസ്ത മുശാവറയിൽ ചര്‍ച്ച ചെയ്തിട്ടില്ലെന്നും താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ഡോ. ബഹാവുദ്ദീൻ നദ്‍വി പറഞ്ഞു. താൻ അധിക്ഷേപിച്ചുകൊണ്ട് പ്രസംഗത്തിൽ സംസാരിച്ചുവെന്ന് തെളിയിക്കാൻ കഴിയില്ല.

ദുഷ്ടലാക്കോട് കൂടി ചിലര്‍ താന്‍ പറഞ്ഞത് വിവാദമാക്കുകയായിരുന്നു. തന്‍റെ വിമര്‍ശനം ചിലര്‍ക്ക് പൊള്ളി. മന്ത്രിമാരെ മാത്രം അല്ല പറഞ്ഞത്. ഉദ്യോഗസ്ഥര്‍ എന്നാണ് ആദ്യം പറഞ്ഞത്. മന്ത്രിമാരെ പ്രൊജക്ട് ചെയ്തിട്ടില്ല. എന്നിട്ടും ചിലര്‍ ആ രീതിയിൽ പ്രസ്താവനയെ വളച്ചൊടിച്ചു. പറഞ്ഞ വസ്തുത നിലനിൽക്കുന്നതാണെന്നും ബഹാവുദ്ദീൻ നദ്‍വി പറഞ്ഞു. താൻ പറഞ്ഞ കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിച്ചു. അധര്‍മ്മത്തിനെതിരെ പ്രചാരണം നടത്തുകയെന്നത് സമസ്തയുടെ ദൗത്യമാണ്. അതാണ് താൻ പറഞ്ഞതെന്നും ബഹാവുദ്ദീൻ നദ്‍വി പറഞ്ഞു.