മകളുടെ ചിലവിൽ ജീവിക്കുന്നെന്ന പരിഹാസം; ടെന്നീസ് താരത്തിന്‍റെ കൊലയിൽ പിതാവിന്‍റെ സാമ്പത്തിക ഇടപാടും അന്വേഷിക്കും

ഹരിയാനയിലെ ടെന്നീസ് താരമായ രാധിക യാദവിന്‍റെ (25) കൊലപാതകത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കൊലപാതക കാരണം മകളുടെ ചിലവിൽ അച്ഛൻ ജീവിക്കുന്നെന്ന പരിഹാസത്തെ തുടർന്നാണെന്ന് മൊഴി. കൊല നടത്തിയ രാധികയുടെ പിതാവ് ദീപക്കിന്‍റെ സാമ്പത്തിക ഇടപാടും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. മകൾ രാധിക യാദവ് ടെന്നീസ് അക്കാദമി നടത്തുന്നത് പിതാവ് എതിർത്തിരുന്നതായും പൊലീസ് പറഞ്ഞു.

അതേസമയം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം രാധികയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. ഇന്നലെയാണ് 25കാരിയായ ടെന്നീസ് താരത്തെ അച്ഛൻ വെടിവച്ചു കൊലപ്പെടുത്തിത്. പിതാവ് ദീപക് അഞ്ചു തവണയാണ് മകളുടെ നേര്‍ക്ക് വെടിയുതിര്‍ത്തത്. ഇതില്‍ മൂന്നെണ്ണം രാധികയുടെ ശരീരത്തില്‍ പതിച്ചു. സ്വന്തം തോക്ക് ഉപയോഗിച്ചാണ് രാധികയുടെ പിതാവ് വെടിയുതിര്‍ത്തത്.

വെടിവെപ്പുണ്ടായ ഉടനെ ശബ്ദം കേട്ടെത്തിയവര്‍ രാധികയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 25കാരി സംസ്ഥാന തലത്തില്‍ നിരവധി ടെന്നീസ് മത്സരങ്ങളില്‍ പങ്കെടുത്ത് മെഡലുകള്‍ നേടിയിട്ടുണ്ട്.