Headlines

നേരിയ മാർജിനിൽ സംസ്ഥാനത്ത് തുടർ ഭരണ സാധ്യത; 4 മന്ത്രിമാരും ജയിക്കും, CPI വിലയിരുത്തൽ

സംസ്ഥാനത്ത് പിണറായി സർക്കാരിന് തുടർ ഭരണ സാധ്യതയെന്ന് സിപിഐ വിലയിരുത്തൽ. നേരിയ മാർജിനിൽ സംസ്ഥാനത്ത് തുടർഭരണം ലഭിക്കും.നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ 15 സീറ്റുകളിൽ ജയിച്ചേക്കും. ഒല്ലൂരിൽ കെ രാജനും നെടുമങ്ങാട് ജി ആർ അനിലും വൻവിജയം നേടും. സിപിഐയുടെ 4 മന്ത്രിമാരും ജയിക്കുമെന്നും തൃശൂരിൽ തിരിച്ചടിക്ക് സാധ്യതയെന്നും സംസ്ഥാന നിർവാഹക സമിതി വിലയിരുത്തി.

തൃശൂരിന് പുറമെ കരുനാഗപ്പള്ളിയിലും മൂവാറ്റുപുഴയിലും തിരിച്ചടി ഉണ്ടാകും. മത്സരിച്ച 25 സീറ്റുകളിൽ 15 എണ്ണത്തിൽ പാർട്ടിക്ക് ജയിക്കാനാകുമെന്നാണ് നിഗമനം. മറ്റ് പല സീറ്റുകളിലും കടുത്ത പോരാട്ടമാണെന്നാണ് വിലയിരുത്തൽ. ഇതിൽ ചില സീറ്റുകളിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയും സിപിഐ വച്ചുപുലർത്തുന്നുണ്ട്.

അതേസമയം, 16 മുതൽ 20 വരെയുള്ള സീറ്റുകൾ തിരഞ്ഞെടുപ്പിൽ നിർണായകമാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇന്ന് ചേർന്ന സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങൾ തിരഞ്ഞെടുപ്പ് അവലോകനം നടത്തിയത്.