Headlines

‘മഴ പെയ്താൽ ചോർന്നോലിക്കുന്ന വീട്ടിൽ നിന്നും മേയറായി; ജീവിതത്തിലെ ഈ അഞ്ച് വർഷം അതിപ്രധാനം’; ആര്യ രാജേന്ദ്രൻ

വൈകാരിക കുറിപ്പുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. മേയറെന്ന നിലയിൽ പ്രവർത്തിക്കാൻ തനിക്ക് പിന്തുണ നൽകിയവർക്ക് നന്ദി അറിയിക്കുന്നതായി ആര്യ കുറിപ്പിൽ പറയുന്നു. മഴപെയ്താൽ ചോർന്നോലിക്കുന്ന ഒരു വീട്ടിൽ നിന്നും 21 വയസ്സുള്ള പെൺകുട്ടി ‌മേയറായി ചരിത്രമെഴുതുമ്പോൾ സാധാരണക്കാരന്റെയും തൊഴിലാളികളുടെയും പാർട്ടിക്ക് മാത്രമേ ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ കഴിയു എന്ന് ചരിത്രം പറയുമെന്ന് ആര്യ രാജേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ജീവിതത്തിലെ ഈ അഞ്ച് വർഷം എന്നെ സംബന്ധിച്ച് അതിപ്രധാനമാണ്. ഇനി ഏത് സാഹചര്യത്തിലും മുന്നോട്ട് പോകാനുള്ള കരുത്ത് ഈ കാലത്തിനിടെ നേടിയിട്ടുണ്ടെന്ന് ആര്യ കുറിപ്പിൽ പറയുന്നു. ഇനിയും സംഘടനാപ്രവർത്തനരംഗത്ത് നിലവിലെ ചുമതലകൾ നിർവ്വഹിച്ച് ജനങ്ങൾക്കിടയിൽ ഉണ്ടാകുമെന്നും ആര്യ കുറിപ്പിൽ വ്യക്തമാക്കി.