ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് 4.20 കോടി രൂപയുടെ കമ്മീഷൻ ഇടപാട് നടന്നതായി വിജിലൻസ്

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ദപ്പെട്ട് 4.20 കോടി രൂപയുടെ കമ്മീഷൻ ഇടപാടുകൾ നടന്നതായി വിജിലൻസ്. വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്മീഷൻ ഇടപാടുകൾ നടന്നതായി അന്വേഷണ ഏജൻസി സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.

സന്തോഷ് ഈപ്പൻ, സന്ദീപ് നായർ, സരിത് എന്നിവരുടെ ബാങ്ക് രേഖകൾ പരിശോധിച്ചപ്പോഴാണ് കമ്മീഷൻ ഇടപാട് നടന്നതായി വിജിലൻസിന് വ്യക്തമായത്. യൂനിടാകും യുഎഇ കോൺസുലേറ്റും തമ്മിൽ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ ഒപ്പിട്ടതിന്റെ അടുത്ത ദിവസം തന്നെ ഏഴര കോടി രൂപ ആദ്യ ഗഡുവായി കോൺസുലേറ്റിന്റെ അക്കൗണ്ടിലേക്ക് വന്നു. ഇതിൽ നിന്ന് 4.20 കോടി രൂപ സന്ദീപിന്റെ അക്കൗണ്ടിലേക്ക് എത്തി.

സന്ദീപിന്റെ അക്കൗണ്ടിൽ നിന്ന് മൂന്ന് കോടി 60 ലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു. ബാക്കിയുണ്ടായിരുന്ന 60 ലക്ഷം രൂപ ഘട്ടം ഘട്ടമായി സന്ദീപ് പിൻവലിക്കുകയും ചെയ്തു. ഈ തുക സന്ദീപിന്റെയും സരിത്തിന്റെയും സ്വപ്‌നയുടെയും കമ്മീഷനാണെന്നായിരുന്നു സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയത്.