Headlines

മുഹമ്മദ് സലായുടെ വാക്കുകള്‍ തനിക്ക് ആശ്ചര്യമുണ്ടാക്കി ലിവര്‍പൂള്‍ കോച്ച് ആര്‍നെ സ്ലോട്ട്

തങ്ങളുടെ ബന്ധം തകര്‍ന്നുവെന്ന് മുഹമ്മദ് സല പറഞ്ഞതില്‍ ആശ്ചര്യമെന്ന് ലിവര്‍പൂള്‍ കോച്ച് ആര്‍നെ സ്ലോട്ട്. ചാമ്പ്യന്‍സ് ലീഗില്‍ ഇന്ററുമായുള്ള മത്സരത്തിനായി ലിവര്‍പൂള്‍ ഇറ്റലിയിലേക്ക് പോകാനിരിക്കെയാണ് കോച്ചിനെതിരെയുള്ള നീരസം മുഹമ്മദ് സലാ തുറന്നടിച്ചിരിക്കുന്നത്. പത്താം തീയതി ഇന്ററുമായി നടക്കാനിരിക്കുന്ന മത്സരവുമായി ബന്ധപ്പെട്ട് താന്‍ സലായുമായി സംസാരിച്ചുവെന്നും ഇത് മാത്രമാണ് അദ്ദേഹത്തിന്റെ അഭിമുഖത്തിന് ശേഷം തങ്ങള്‍ നടത്തിയ ആശയവിനിമയമെന്നും ആര്‍നെ സ്ലോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം ലിവര്‍പൂളിന്റെ അവസാന മൂന്ന് മത്സരങ്ങളില്‍ സലായെ ബെഞ്ചിലിരുത്തിയിട്ടുണ്ടെങ്കിലും സലായുമായുള്ള ബന്ധം തകര്‍ന്നതായി താന്‍ വിശ്വസിക്കുന്നില്ലെന്നും സലായുടെ അഭിമുഖം പുറത്തുവരുന്നതുവരെ താരം തങ്ങള്‍ക്കിടയില്‍ പ്രശ്‌നമുണ്ടെന്ന തരത്തില്‍ കാര്യങ്ങള്‍ പറയുമെന്ന സൂചനകളൊന്നും തന്നെ തനിക്ക് ലഭിച്ചിട്ടില്ലെന്നും ലിവര്‍പൂള്‍ കോച്ച് വ്യക്തമാക്കി.