Headlines

യൂത്ത് ലീഗ് റാലിക്ക് പിന്നാലെ വൻ ഗതാഗതക്കുരുക്ക്; രണ്ടായിരത്തോളം പേർക്കെതിരെ കേസ്

കൊച്ചി: കൊച്ചിയിലെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലിക്കെതിരെ കേസ്. ഗതാഗത കുരുക്ക് സൃഷ്ടിച്ചതിനാണ് കേസ്. സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മാർച്ചിനെ തുടർന്ന് നഗരത്തിൽ വൻ ഗതാഗത കുരുക്ക് രൂപപ്പെട്ടിരുന്നു. സയ്യദ് മുനവ്വറലി ശിഹാബ് തങ്ങൾ, പികെ ഫിറോസ് ഉൾപ്പെടെ 12 പേർക്കെതിരെയും, കണ്ടാലറിയാവുന്ന രണ്ടായിരത്തോളം ആളുകൾക്കെതിരെയുമാണ് കേസ്.

യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ഗോശ്രീ പാലം മുതൽ മറൈൻഡ്രൈവ് വരെ റോഡിലൂടെ ജാഥ നടത്തുകയായിരുന്നു. പിന്നാലെ ഉണ്ടായ കനത്ത ഗതാഗത കുരുക്കിനെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് പൊലീസ് നടപടി.