ജെ. പി. ഫ്രണ്ട്സ് ഫോറം കുടുംബസംഗമം ചാലക്കുടി മുനിസിപ്പല്‍ ചെയര്‍മാന്‍ ഷിബു വാലപ്പന്‍ ഉദ്ഘാടനം ചെയ്തു.സമൂഹത്തിന്റെ യഥാര്‍ത്ഥ പുരോഗതി നിര്‍ണ്ണയിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വിദ്യഭ്യാസത്തിലൂന്നിയ സമഗ്ര വികസനമാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ സാമ്പത്തികമായി പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അവരെ പ്രോല്‍സാഹിപ്പിക്കുകയും ഉന്നതവിദ്യഭ്യാസത്തിന് സാമ്പത്തികമായി സഹായിക്കുകയും ചെയ്യാന്‍ മുന്നോട്ടുവന്ന ജെ.പി. ഫ്രണ്ട്സ് ഫോറം എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം മാതൃകപരമാണെന്ന് ചാലക്കുടി നഗരസഭ ചെയര്‍മാന്‍ ഷിബു വാലപ്പന്‍. വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത മേഖലകളില്‍ ഉള്ള 55 പേരെ കണ്ടെത്തിയാണ് ഫാ. ജോസ് പന്തലൂക്കാരന്റെ നേതൃത്വത്തില്‍ ഈ കാരുണ്യ പ്രവര്‍ത്തികള്‍ നടത്തി വരുന്നത്. ഫോറത്തിന്റെ പ്രഥമ ഫാമിലി മീറ്റ് ചാലക്കുടി വ്യാപാരഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍. ചടങ്ങില്‍ ഫോറം രക്ഷാധികാരി ഫാ. ജോസ് പന്തലൂക്കാരന്‍ മുഖ്യപ്രഭാഷണം നടത്തി.
പ്രത്യേക പുരസ്‌ക്കാര ജേതാക്കളായ ചെയര്‍മാന്‍ ഷിബു വാലപ്പനെയും നഗരസഭ കൗണ്‍സിലര്‍ കൂടിയായ സഹധര്‍മ്മിണി ആലീസ് ഷിബുവിനെയും ചടങ്ങില്‍ പൊന്നാട നല്‍കി ആദരിച്ചു. ഫോറം വൈസ് പ്രസിഡണ്ട് ജോയ് കല്ലിങ്ങല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോസഫ് തെക്കൂടന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ജോര്‍ജ് പടയാട്ടി കണക്കുകള്‍ വായിച്ചു. ഫോറം മെമ്പറും 24 ന്യൂസ് ചാനല്‍ & ഫ്‌ളവര്‍ ടി വി എഡിറ്റര്‍ ഇന്‍ ചാര്‍ജുമായ പി.പി. ജെയിംസ് ആശംസ പ്രസംഗം നടത്തി. ഇതോടനുബന്ധിച്ച് ചാലക്കുടി നഗരസഭ പ്രദേശത്തെ ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ പുരസ്‌കാരം നല്‍കി അനുമോദിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ബാബു മേലേടത്ത് സ്വാഗതവും ഫോറം ഭാരാവാഹി തമ്പി ഇട്ടൂപ്പ് പുത്തന്‍വീട്ടില്‍ നന്ദിയും പറഞ്ഞു. കലാഭവന്‍ ജോയ് അവതരിപ്പിച്ച ഫ്യൂഷന്‍ പ്രോഗ്രാം ഉണ്ടായിരുന്നു.
കുടുബാഗങ്ങളുടെ വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. എഞ്ചിനീയറിങ്ങ്, ജനറല്‍ നഴ്‌സിങ്ങ് എന്നിവയില്‍ സാമ്പത്തികമായി ദുരിതം അനുഭവിക്കുന്ന കുട്ടികളുടെ വിദ്യഭ്യാസത്തിന് സഹായം നല്‍കുക, അവരുടെ ക്ഷേമത്തിനും ഐശ്വരത്തിനും വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ഈ ഫോറത്തിന്റെ പ്രഥമ ലക്ഷ്യം.




